കരിമണ്ണൂർ: ജില്ല, സംസ്ഥാന സ്കൂൾ കലോത്സവങ്ങളിലെ സംഘാടകരുടെ സ്ഥിരം തലവേദന നൃത്തവേദിയിൽ നിന്നുള്ള പരാതികളാണ്. വിജയികളെ പ്രഖ്യാപിക്കുന്നതിലെ അപാകതയും വിധികർത്താക്കളുടെ പക്ഷപാതിത്വവുമാണ് ആരോപണ വിധേയമാകുന്നത്. മത്സരിക്കുന്ന എല്ലാവരും വിജയം പ്രതീക്ഷിക്കുമെങ്കിലും ഒന്നാമത് എത്താൻ ഒരാൾക്കെ കഴിയുന്ന എന്ന സാമാന്യതത്വം നൃത്തവേദിയിൽ മാത്രം അംഗീകരിക്കപ്പെടുന്നില്ല. ആര് ഒന്നാമത് എത്തിയാലും പിന്നിലായവരും രക്ഷിതാക്കളും നൃത്ത അദ്ധ്യാപകരും പരാതിയുമായി രംഗത്ത് വരും. സംഘാടകർ പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും ഈ പ്രശ്നത്തിന് മാത്രം പരിഹാരമുണ്ടാക്കാൻ കഴിയുന്നുമില്ല.

പ്രശ്നപരിഹാരം തേടിയുള്ള അന്വേഷണം ചെന്നെത്തുന്നത് സംസ്ഥാനതലത്തിൽ രൂപീകരിച്ചിട്ടുള്ള നൃത്ത അദ്ധ്യാപകരുടെ രണ്ട് സംഘടനകളിലേക്കാണ്. ഇവർ തമ്മിലുള്ല ചേരിപ്പോരാണ് പരാതി പ്രളയത്തിന് പിന്നിലെന്നാണ് സംഘാടകരുടെ വിലയിരുത്തൽ. ഇത്തവണ ഇടുക്കി റവന്യുജില്ല സ്കൂൾ കലോത്സവം തുടങ്ങുന്നതിന് മുമ്പേ ഇരു സംഘടനകളുടേയും പേരിൽ സംഘാടകർക്ക് നിരവധി പരാതികൾ ലഭിച്ചിരുന്നു. വിധികർത്താക്കളായി ക്ഷണിക്കപ്പെടാൻ സാധ്യതയുള്ള എല്ലാവരേയും പരസ്പരം കരിമ്പട്ടികയിൽപ്പെടുത്തിക്കൊണ്ടുള്ള പരാതികളാണ് ലഭിച്ചത്. മത്സര വിജയികൾക്ക് എസ്.എസ്.എൽ.സി പരീക്ഷയിലെ ഗ്രേസ് മാർക്ക് ഉൾപ്പെടെയുള്ള ചില്ലറ ആനുകൂല്യങ്ങൾ ലഭിക്കുമ്പോൾ നൃത്ത അദ്ധ്യാപകർക്ക് പ്രതിഫലമായി വലിയ സാമ്പത്തിക നേട്ടമുണ്ടെന്നതാണ് ഒരിക്കലും അവസാനിക്കാത്ത ഈ കിടമത്സരത്തിന് അടിസ്ഥാനമെന്നുമാണ് സംഘാടകരുടെ വിലയിരുത്തൽ. ജില്ലതലം മുതൽ നൃത്ത ഇനങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നവർ 25,000 മുതൽ 50,000 രൂപവരെ പ്രത്യേക ഗുരുദക്ഷിണ നൽകുന്ന കീഴ്‌വഴക്കവുമുണ്ട്. പരിശീലനകാലത്തെ ഫീസിന് പുറമേയാണിത്.