kk
അറസ്റ്റിലായ പ്രതികൾ

നെടുങ്കണ്ടം: ബാലൻപിള്ളസിറ്റിയിൽ രാത്രി വീട്ടിലേയ്ക്ക് നടന്ന് പോവുകയായിരുന്ന ബി.ജെ.പി നേതാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് എസ്.ഡി.പി.ഐ പ്രവർത്തകർ പിടിയിൽ. ചെന്നാപ്പാറ മരോട്ടിക്കുഴിയിൽ മാഹിൻ (മുഹമ്മദ് റഫിഖ് 30), സന്യാസിഓട പനയ്ക്കൽസിറ്റി ബ്ലോക്ക് 841ൽ മുഹമ്മദ് അൻസാർ (24) എന്നിവരെയാണ് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നെടുങ്കണ്ടം എസ്.ഐ കെ.പി.മനേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇരുവരും എസ്.ഡി.പി.ഐ പ്രവർത്തകാരണെന്ന് പൊലീസ് പറഞ്ഞു. ബി.ജെ.പി കരുണാപുരം പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റും ബാലൻപിള്ള സിറ്റിയിൽ കച്ചവടക്കാരനുമായ രാമക്കൽമേട് വെട്ടിക്കൽ സൂര്യകുമാറിനെയാണ് തിങ്കളാഴ്ച രാത്രി ഒമ്പതോടെ ഒരു സംഘം ആളുകൾ ചേർന്ന് ബാലൻപിള്ളസിറ്റി ടൗണിൽ വച്ച് ആക്രമിച്ചത്. മാരകമായ ആക്രമണത്തിൽ ഇടത് കാൽ ഒടിഞ്ഞ സൂര്യകുമാർ കല്ലാറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. എസ്.ഡി.പി.ഐ പ്രവർത്തകരാണ് ആക്രമിച്ചതെന്ന് ബി.ജെ.പിയും ശബരിമല കർമ്മസമിതിയും ആരോപിച്ചിരുന്നു. ഏതാനും ദിവസം മുമ്പ് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലേയ്ക്ക് നാമജപ പ്രതിഷേധം നടത്തവെ ബൈക്കിലെത്തിയ രണ്ട് യുവാക്കൾ ജാഥയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. മാദ്ധ്യമ പ്രവർത്തകരല്ലാത്ത ഇവർ ദൃശ്യങ്ങൾ പകർത്തിയത് സൂര്യകുമാറിന്റെ നേതൃത്വത്തിൽ ശബരിമല കർമസമിതി പ്രവർത്തകർ ചോദ്യം ചെയ്തിരുന്നു. ഇവർ എസ്.ഡി.പി.ഐ പ്രവർത്തകരാണെന്നും ചോദ്യം ചെയ്തതിന് പ്രതികാരമായാണ് സൂര്യകുമാറിനു നേരെ ആക്രമണം നടത്തിയതെന്നും വകവരുത്തുവാനായിരുന്നു ശ്രമമെന്നും ബി.ജെ.പി ആരോപിച്ചിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിരുന്നു. ആക്രമണത്തിനു ശേഷം ഇരുവരും ഒളിവിൽപ്പോയതായി സ്ഥിരീകരിച്ച് പൊലീസ് തിരച്ചിൽ ശക്തമാക്കുകയും ചെയ്തിരുന്നു. ഒളിച്ച് കഴിഞ്ഞിരുന്ന ഇരുവരും ഇന്നലെ വാഹനത്തിൽ വീടുകളിലേക്ക് വരുന്ന സമയത്ത് പാമ്പാടുംപാറയ്ക്ക് സമീപത്ത് വച്ച് പൊലീസിന്റെ പിടിയിലായിരുന്നു. പ്രതികളെ സൂര്യകുമാർ തിരിച്ചറിഞ്ഞു. ഇരുവരെയും ഇന്ന് നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.