കരിങ്കുന്നം: ഹോട്ടൽ തൊഴിലാളികളുടെ താമസ സ്ഥലത്ത് പണവും മൊബൈൽ ഫോണും മോഷ്ടിച്ച ഝാർഖണ്ഡ് സ്വദേശി അറസ്റ്റിൽ. ഝാർഖണ്ഡ് ഫക്കുവ ജില്ലക്കാരനായ ഫക്രുൾ ഇസ്ലാമാണ് (19) പിടിയിലായത്. ഇയാൾ നേരത്തെ ജോലി ചെയ്തിട്ടുള്ള കരിക്കുന്നത്തെ ഒരു ഹോട്ടലിലെ ജീവനക്കാരുടെ താമസ സ്ഥലത്തു നിന്നാണ് മോഷണം നടത്തിയത്. രാത്രിയിൽ ഉറങ്ങിക്കിടന്ന തൊഴിലാളികളുടെ പണവും മൊബൈൽ ഫോണുകളുമാണ് നഷ്ടപ്പെട്ടത്. കരിങ്കുന്നത്ത് ഝാർഖണ്ഡ് സംസ്ഥാനക്കാരായ തൊഴിലാളികൾ താമസിക്കുന്ന മറ്റൊരു വീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. രണ്ട് തൊഴിലാളികളുടെ 4300 രൂപയും മൊബൈൽ ഫോണുമാണ് മോഷണം പോയത്. പിടിയിലാകുന്നതിന് മുമ്പ് ഇതിൽ നിന്ന് 800 രൂപ ഫക്രുൾ ചെലവാക്കിയിരുന്നു. ബാക്കി തുകയും മൊബൈൽ ഫോണും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കരിങ്കുന്നം എസ്.ഐ.പി.എസ് നാസറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.