തൊടുപുഴ: രണ്ട് ദിവസങ്ങളിലായി കരിമണ്ണൂരിൽ നടന്ന കൗമാരകലാ മേളയിൽ എന്നത്തെയും പോലെ തൊടുപുഴയുടെ സർവാധിപത്യം. ഇന്നലെ രാത്രി മേള സമാപിക്കുമ്പോൾ ഹൈസ്കൂൾ,​ ഹയർസെക്കൻഡറി വിഭാഗങ്ങളിൽ ഒന്നാം സ്ഥാനത്തോടെ തൊടുപുഴ ഉപജില്ല കരുത്ത് ആവർത്തിച്ചു. 347 പോയിന്റുമായാണ് തൊടുപുഴ ഹയർസെക്കൻഡറി വിഭാഗത്തിൽ ഒന്നാമതെത്തിയത്. 323 പോയിന്റുമായി കട്ടപ്പന രണ്ടാമതും 284 പോയിന്റുമായി അടിമാലി മൂന്നാം സ്ഥാനത്തുമെത്തി. ഹൈസ്‌കൂൾ വിഭാഗത്തിൽ രാത്രി വൈകിയും മൂന്ന് മത്സരങ്ങൾ പൂർത്തിയാകാനുണ്ടായിരുന്നു. 302 പോയിന്റുമായി മറ്റ് ഉപജില്ലകളേക്കാൾ തൊടുപുഴ ബഹുദൂരം മുന്നിലാണ്. ഇവിടെയും രണ്ടാം സ്ഥാനത്ത് കട്ടപ്പനയും( 265)​ മൂന്നാമത് അടിമാലിയുമാണ്(247)​.

കുമാരമംഗലത്തിന് കാലിടറി

സ്കൂൾതലത്തിൽ പതിവിന് വിപരീതമായി കുമാരമംഗലം എം.കെ.എൻ.എം.എച്ച്.എസ്.എസിന് കാലിടറി. ഹയർസെക്കൻഡറി വിഭാഗത്തിൽ മൂന്ന് പോയിന്റ് വ്യത്യാസത്തിൽ കുമാരമംഗലത്തെ പിന്തള്ളി കൂമ്പൻപാറ ഫാത്തിമമാതാ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ ഒന്നാമതെത്തി- 136 പോയിന്റ്. ഹൈസ്‌കൂൾ വിഭാഗത്തിൽ മൂന്ന് മത്സരം രാത്രി വൈകി പുരോഗമിക്കുമ്പോൾ 115 പോയിന്റുമായി കുമാരമംഗലം സ്‌കൂൾ ഒന്നാമതെത്തി. കൂമ്പൻപാറ സ്‌കൂൾ രണ്ടാമതെത്തി- 89 പോയിന്റ്.