star
നക്ഷത്ര നിർമ്മാണത്തിലേർപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികൾ

അടിമാലി: ക്രിസ്തുമസ് വിപണിയിൽ നക്ഷത്രശോഭ ചാർത്തി പ്രളയബാധിതരായ സഹപാഠികൾക്ക് കൈതാങ്ങാകാൻ ശ്രമിക്കുകയാണ് അടിമാലി എസ്.എൻ.ഡി.പി വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റും ഇലക്ട്രിക്കൽ ബാച്ചും. വിദ്യാർത്ഥികൾ തന്നെ നിർമ്മിക്കുന്ന എൽ.ഇ.ഡി നക്ഷത്രങ്ങൾ വിപണനത്തിനെത്തിക്കുകയാണ് എൻ.എസ്.എസ് യൂണിറ്റിന്റെ ലക്ഷ്യം. ഇതിനോടകം അഞ്ഞൂറോളം നക്ഷത്രങ്ങൾ വിദ്യാർത്ഥികൾ നിർമ്മിച്ച് കഴിഞ്ഞു. വിദ്യാർത്ഥികൾ തന്നെ നക്ഷത്രങ്ങളുടെ വിപണനവും നടത്തും. നിർമ്മാണ സാമഗ്രികൾ വാങ്ങി ലാബിനുള്ളിൽ വച്ചാണ് നക്ഷത്ര നിർമ്മാണം. ക്രിസ്തുമസ് പുതുവത്സര വിപണിയിൽ നക്ഷത്രങ്ങൾ മിന്നിതിളങ്ങുമ്പോൾ കച്ചവട ലാഭം കൊണ്ട് പ്രളയബാധിതരായ സഹപാഠികൾക്ക് തണലൊരുക്കുമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ഇലകട്രിക്കൽ ബാച്ചിലും എൻ.എസ്.എസ് യൂണിറ്റിലും ഉൾപ്പെട്ട 120 ഓളം വിദ്യാർത്ഥികളാണ് നക്ഷത്ര നിർമ്മാണം നടത്തുന്നത്. 150 രൂപ മുതലാണ് നക്ഷത്രങ്ങളുടെ വില. നിർമ്മാണ സാമഗ്രികളുടെ വില കഴിച്ചാൽ തുച്ഛമായ ലാഭം മാത്രമേ ലഭിക്കൂവെങ്കിലും ദുരിതമനുഭവിക്കുന്നവർക്ക് തങ്ങളാലാകുന്ന കൈതാങ്ങാകുകയെന്നതാണ് ഈ കൗമാര മനസുകളുടെ ഉദ്ദേശ്യം. കഴിഞ്ഞ ഏതാനും വർഷങ്ങളായി അടിമാലി എസ്.എൻ.ഡി.പി ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റ് നടത്തി വരുന്ന സേവനപ്രവർത്തനങ്ങളുടെ തുടർച്ചയാണ് ഈ നക്ഷത്ര നിർമ്മാണം.