അടിമാലി: ജില്ലയിലെ പ്രധാന ആശുപത്രികളിലൊന്നായിരുന്നിട്ടും ജീവനക്കാരുടെ കുറവ് അടിമാലി താലൂക്ക് ആശുപത്രിക്ക് വിനയാകുന്നു. 18 ഡോക്ടർമാരുള്ള ആശുപത്രിയിൽ 11 സ്റ്റാഫ് നേഴ്‌സുമാർ മാത്രമാണ് ജോലിയിലുള്ളത്. ക്ലീനിംഗ് വിഭാഗത്തിലടക്കം ജിവനക്കാരില്ലാത്തതിനാൽ നിയമിതരായിട്ടുള്ള ജീവനക്കാർ വിശ്രമമില്ലാതെ തൊഴിലെടുക്കേണ്ട ഗതികേടിലാണ്. ദേവികുളം താലൂക്കിന് പുറമേ ഉടുമ്പൻചോല, ഇടുക്കി തൂലൂക്കുകളിൽ നിന്നുമുള്ള രോഗികളും ചികിത്സ തേടിയെത്തുന്ന പ്രധാന ആശുപത്രികളിലൊന്നാണ് അടിമാലി താലൂക്കാശുപത്രി. ആയിരത്തിനു മേൽ രോഗികൾ ഇവിടെ ദിവസവും ചികിത്സ തേടിയെത്താറുണ്ട്. രോഗികളുടെ എണ്ണം കൂടിയിട്ടും 1965ൽ അനുവദിച്ച അനുപാതത്തിലാണ് ആശുപത്രിയിൽ ഇപ്പോഴുമുള്ള ജീവനക്കാരുടെ എണ്ണം. സ്ത്രീകളുടെയും കുട്ടികളുടെയും ഉൾപ്പെടെ ആറ് വാർഡുകളും ഒരു പേ വാർഡും ആശുപത്രിയിലുണ്ട്. ഇത് കൂടാതെ നാല് നിലകളോട് കൂടിയ പുതിയ ബ്ലോക്കും ഐസിയു വാർഡും ആശുപത്രിക്കായി അനുവദിച്ചു. പക്ഷേ ജീവനക്കാരെ നിയമിക്കുന്നതിൽ മാത്രം ആരോഗ്യവകുപ്പ് മെല്ലപ്പോക്ക് തുടരുകയാണ്. 120 ബെഡുകളാണ് ആശുപത്രിയിൽ ഉള്ളതെങ്കിലും രോഗികളുടെ ആധിക്യം മൂലം പലപ്പോഴും ഒരു ബെഡിൽ രണ്ട് പേരാണ് കിടക്കാറ്. ദിവസവും രാവിലെ ആറ് മുതൽ ഓപ്പറേഷൻ നടക്കുന്ന ആശുപത്രിയിൽ ശരാശരി ആറോ, ഏഴോ നവജാത ശിശുക്കൾ പിറക്കും. ഓപ്പറേഷൻ, ലേബർ, ഒ.പി വിഭാഗങ്ങളിലേക്ക് നഴ്‌സുമാർ മാറുന്നതോടെ വാർഡുകളിൽ ഉള്ളവർ നിലം തൊടാതെ ഓടി വേണം എല്ലായിടത്തും എത്താൻ. പ്രശ്‌ന പരിഹാരത്തിനായി ആരോഗ്യ വകുപ്പിന്റെ ഭാഗത്തു നിന്ന് ഇടപെടലുകൾ ഉണ്ടാകണമെന്നാണ് ജീവനക്കാരുടെയും രോഗികളുടെയും ആവശ്യം.