ഇടുക്കി: ഹൈറേഞ്ച് നിവാസികളുടെ ചിരകാല സ്വപ്നമായിരുന്ന തങ്കമണി- നാലുമുക്ക്- ശാന്തിഗ്രാം റോഡിന്റെ വിപുലീകരണ നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചു. റോഡിന്റെ വീതി കൂട്ടുന്നതിനും സംരക്ഷണഭിത്തി, വളവ് കുറയ്ക്കൽ, ഓട നിർമ്മാണം തുടങ്ങിയവയ്ക്കായി വശങ്ങളിലെ മൺപണികളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ സെൻട്രൽ റോഡ് ഫണ്ട് വിഭാഗത്തിൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭിച്ച 17 കോടി രൂപ വിനിയോഗിച്ചാണ് പി.ഡബ്ല്യു.ഡി റോഡ് വിപുലീകരിക്കുന്നത്. ജില്ല രൂപീകൃതമായ ശേഷം ആദ്യമായാണ് സി.ആർ.എഫ് ഫണ്ട് ലഭിക്കുന്നത്. ദേശീയപാത 185 അടിമാലി- കുമളി റോഡിൽ ഇടുക്കി ആർച്ച് ഡാമിന് സമീപം ആരംഭിക്കുന്ന റോഡിന്റെ 20.5 കിലോമീറ്റർ ദൂരം വരുന്ന ശാന്തിഗ്രാം വരെയാണ് ഈ പ്രവർത്തിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിർമ്മാണം പൂർത്തിയാകുന്നതോടെ ഈ റോഡ് നിലവിലുള്ള ദേശീയ പാത 185 ന്റെ ഒരു മേജർ ബൈപ്പാസായി മാറും. കഴിഞ്ഞ മഴക്കെടുതിയിൽ ഈ റോഡിന്റെ വിവിധ ഭാഗങ്ങളിൽ മണിടിഞ്ഞു വീണ് ഗതാഗത തടസം നേരിട്ടിരുന്നു. വീതി കുറഞ്ഞ ഭാഗത്തെ കലുങ്കുകളുടെ പുനർനിർമ്മാണം, നീരൊഴുക്കുള്ള ഭാഗങ്ങളിൽ കോൺക്രീറ്റിംഗ് തുടങ്ങിയവ ഉൾപ്പെടുത്തി 5.50 മീറ്റർ വീതിയിൽ നിർമ്മിക്കുന്ന റോഡിന് ടൗണുകളിൽ ആവശ്യാനുസരണം വീതി വർദ്ധിപ്പിക്കും. 875 മീറ്ററോളം ഐറിഷ് ഡ്രയിൻ, സീബ്രാ ക്രോസിംഗ്, ബസ് വേ, മെറ്റൽ ക്രാഷ് ബാരിയർ, അപകട, മുന്നറിയിപ്പ് സൂചകങ്ങൾ നടപ്പാത എന്നിവയെല്ലാം പദ്ധതിയിലുൾപ്പെടുത്തിയിട്ടുണ്ട്. രണ്ട് ആഴ്ചകൾക്കുള്ളിൽ റോഡിലെ മൺപണികൾ പൂർത്തീകരിക്കും. സംരക്ഷണഭിത്തി, കോൺക്രീറ്റിംഗ് ആവശ്യമില്ലാത്ത ഭാഗത്തെ റോഡ് ടാറിംഗ് രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കിയ ശേഷം സംരക്ഷണഭിത്തി നിർമ്മിച്ച് കോൺക്രീറ്റിംഗും നടത്തി ജനുവരി അവസാനത്തോടെ റോഡ് നിർമ്മാണം പൂർത്തീകരിക്കാനാകുമെന്ന് ദേശീയപാതാ വിഭാഗം അധികൃതർ അറിയിച്ചു.