fishing
വടക്കേപുഴ തടാകത്തിൽ നിന്ന് മത്സ്യബന്ധനം നടത്തുന്നവർ

ചെറുതോണി: കുളമാവ് വടക്കേ പുഴ തടാകത്തിൽ ആദിവാസി വിഭാഗങ്ങൾക്ക് പരമ്പരാഗത രീതിയിൽ മത്സ്യബന്ധനം നടത്തുന്നതിന് സൗകര്യമൊരുക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഒരു കാലത്ത് നിറഞ്ഞ് ഒഴുകിയിരുന്ന വടക്കേ പുഴയിൽ നിന്ന് മത്സ്യ ബന്ധനം നടത്തി ഉപജീവനം നടത്തി വന്നിരുന്ന ആദിവാസി വിഭാഗങ്ങൾ ഇന്ന് മറ്റ് തൊഴിൽ മേഖലകൾ തേടി അലയുകയാണ്. കുളമാവ് പൊലീസ് സ്റ്റേഷന് മുമ്പിൽ ചെക്ക് ഡാം നിർമ്മിച്ച് വെള്ളം കുളമാവ് ഡാമിലേക്ക് വഴി തിരിച്ചു വിടുകയായിരുന്നു. ചെക്ക് ഡാമിൽ നിന്ന് ധാരാളം മത്സ്യ സമ്പത്ത് ആദ്യകാലത്ത് ആദിവാസികൾക്ക് ലഭിച്ചിരുന്നു. എന്നാൽ പോത്ത്മറ്റത്ത് നിന്ന് സ്വകാര്യ വ്യക്തിയുടെ ചെക്ക് ഡാം തകർന്നതിനെ തുടർന്നുണ്ടായ വെള്ളപൊക്കത്തിൽ ഒഴുകിയെത്തിയ ചെളി അടിഞ്ഞ് കൂടി വടക്കേ പുഴയിലെ വിസ്തൃതി കുറയുകയും ഡാമിലെ മത്സ്യ സമ്പത്ത് ഇല്ലാതാവുകയുമായിരുന്നു. ഇതോടെ ആദിവാസി വിഭാഗങ്ങൾക്ക് മത്സ്യ ബന്ധനം നടത്താൻ സാധിക്കാതെ വന്നു. തടാകത്തിൽ നവീന രീതിയിൽ മത്സ്യ കൃഷി നടത്തുന്നതിന് നടപടികൾ സ്വീകരിക്കാൻ ഫിഷറീസ് വകുപ്പ് തയ്യാറാകണമെന്നാണ് ആദിവാസികളുടെ ആവശ്യം.

വെള്ളത്തിലായ വടക്കേപുഴ പദ്ധതി

ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ വിനോദ സഞ്ചാര സാധ്യതയുള്ള പദ്ധതിയാണ് വടക്കേ പുഴ പദ്ധതി. തടാകത്തിൽ അടിഞ്ഞ് കൂടിയിരിക്കുന്ന ചെളി കോരി മാറ്റി തടാകത്തിന് ചുറ്റും ഉദ്യാനം നിർമ്മിച്ചാൽ അത് വിനോദ സഞ്ചാര മേഖലയ്ക്ക് ഗുണകരമാണെന്ന് നേരത്തെ സാധ്യതാ പഠനങ്ങൾ നടത്തി അംഗീകരിച്ചിരുന്നതാണ് .എന്നാൽ പിന്നീട് പദ്ധതി അവഗണിക്കപ്പെടുകയായിരുന്നു. പദ്ധതി നടപ്പിലാക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.