മറയൂർ: വനംവകുപ്പിന്റെ ചന്ദനസംരക്ഷണ വേലിയിൽ കുരുങ്ങിയ പാറാനെ (പറക്കുന്ന അണ്ണാൻ) നാട്ടുകാർ രക്ഷപ്പെടുത്തി. മറയൂർ ടൗണിന് സമീപം കോച്ചാരം ഭാഗത്താണ് ചിറകും വാലും വേലിയിൽ കുരുങ്ങിയ നിലയിൽ പാറാനെ കണ്ടെത്തിയത്. ഊരുവാസൽ സ്വദേശി കണ്ണൻ, കോച്ചാരം സ്വദേശി ശ്യാം എന്നിവരുടെ നേതൃത്വത്തിൽ കുരുക്കഴിച്ച് ഇതിനെ രക്ഷിക്കുകയായിരുന്നു. അടുത്തുചെന്നപ്പോൾ രക്ഷകരാണെന്നറിയാതെ പാറാൻ പ്രത്യാക്രമണത്തിന് മുതിർന്നെങ്കിലും ഏറെ പണിപ്പെട്ട് ഒരു ജീവൻ രക്ഷിക്കാനായതിന്റെ സന്തോഷത്തിലാണ് യുവാക്കൾ. രാത്രിയിൽ മാത്രം പുറത്തിറങ്ങുന്ന പറക്കും സസ്തനിയാണ് പാറാൻ. കഴിഞ്ഞ ദിവസം വേലിയിൽ കുരുങ്ങി ഒരു കുരങ്ങ് ചത്തതും ഇതേ സ്ഥലത്തായിരുന്നു.