തൊടുപുഴ: വണ്ണപ്പുറം പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റായി വൈസ് പ്രസിഡന്റായിരുന്ന കെ.എച്ച്. അസീസ് ചുമതലയേറ്റു. യു.ഡി.എഫ് ധാരണ പ്രകാരം നിലവിലെ പ്രസിഡൻ്റ് കോൺഗ്രസിലെ ലിസി ജോസ് കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. അഞ്ച് വർഷത്തെ ഭരണ സമിതിയിൽ വനിതാ സംവരണമായ പ്രസിഡൻ്റ് സ്ഥാനം നാല് വർഷം കോൺഗ്രസിനും ഒരു വർഷം കേരളാ കോൺഗ്രസിനും എന്നതായിരുന്നു ധാരണ. നിലവിലെ ഭരണ സമിതിയിൽ ജയ്നമ്മ ജോസ്, ലൈസമ്മ ശശി എന്നിവരാണ് കോൺഗ്രസ് അംഗങ്ങൾ. ഇവരിൽ ആരെങ്കിലും ഒരാൾ പ്രസിഡന്റ് ആകാനാണ് സാധ്യത. കഴിഞ്ഞ ഭരണസമിതിയിലും കെ.എച്ച്. അസീസ് 11 മാസക്കാലം പ്രസിഡൻ്റ് സ്ഥാനം വഹിച്ചിരുന്നു. മുസ്ലീംലീഗ് പ്രതിനിധിയായ അസീസ് തുടർച്ചയായി മൂന്ന് തവണ കാളിയാർ വാർഡ് മെമ്പറാണ്.