തൊടുപുഴ: തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ 2017 - 18 വർഷത്തെ പ്രവർത്തന മികവിന് സംസ്ഥാന സർക്കാരിന്റെ അംഗീകാരം ലഭിച്ചു. നൂതനവും വ്യത്യസ്തവും ജനോപകാരപ്രദവുമായ പദ്ധതികൾ ഏറ്റെടുക്കാനും അത് സമയബന്ധിതമായി ചെലവഴിച്ച് 100 ശതമാനം നേട്ടം കൈവരിക്കാനായതുമാണ് സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തിന് ബ്ലോക്കിനെ അർഹമാക്കിയത്. ഈ രംഗത്ത് ജില്ലയിൽ ഒന്നാം സ്ഥാനത്ത് എത്താൻ ബ്ലോക്ക് പഞ്ചായത്തിനായി. ജില്ലാതലത്തിലുള്ള പ്രശംസാപത്രവും ബഹുമതിയും ലഭിച്ചതിന് പിന്നാലെയാണ് സംസ്ഥാന സർക്കാരിന്റെ അംഗീകാരം ബ്ലോക്ക് പഞ്ചായത്തിനെ തേടിയെത്തിയത്. മന്ത്രി എ.സി. മൊയ്തീനിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ട്, ബി.ഡി.ഒ സക്കീർ ഹുസൈൻ എന്നിവർ അവാർഡ് ഏറ്റുവാങ്ങി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മാതൃകയാക്കാവുന്ന പദ്ധതികളാണ് ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്തിട്ടുള്ളതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. യോഗത്തിൽ ജോയ്സ് ജോർജ് എം.പി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, അഡീഷണൽ ചീഫ് സെക്രട്ടറി റ്റി.കെ. ജോസ്, കലക്ടർ കെ. ജീവൻ ബാബു, ജില്ലാ പ്ലാനിംഗ് ഓഫീസർ ഷീല കെ.കെ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.