മുട്ടം: മുട്ടത്തെ ടൂറിസം മേഖലയ്ക്ക് ഏറെ പ്രയോജനപ്പെടുന്ന മലങ്കര ഡാമിലെ സന്ദർശന വിലക്ക് നീക്കണമെന്ന ആവശ്യം ശക്തം. മലങ്കരയുടെ പരിസര പ്രദേശങ്ങൾ ഏറെ പ്രകൃതി രമണീയമാണ്. രണ്ട് വർഷത്തോളമായി ഡാമിലേക്കുള്ള സന്ദർശനം വിലക്കിയിട്ട്. ഡാമും പരിസരങ്ങളും കാണാൻ സൗകര്യം ഒരുക്കിയാൽ ഇവിടേക്ക് ധാരാളം വിനോദസഞ്ചാരികൾ എത്തും. മലങ്കര ഡാമിലേക്ക് പ്രവേശനാനുമതി നൽകിയാൽ മുട്ടത്തിന്റെ സാമ്പത്തിക മേഖലയ്ക്കും ഉണർവേകും. ആട്ടോറിക്ഷ- ടാക്സി തൊഴിലാളികൾക്കും ഏറെ പ്രയോജനം ലഭിക്കും. സുരക്ഷയുടെ പേരിലാണ് ഡാമിലേക്കുള്ള പ്രവേശനം വിലക്കിയിട്ടുള്ളത്. കർശന സുരക്ഷാ പരിശോധനയോടെ സഞ്ചാരികളെ കടത്തിവിടാനുള്ള സൗകര്യം ചെയ്താൽ ഇതിന് പരിഹാരമാകും. മുട്ടം മേഖലയുടെ വികസന സ്വപ്നങ്ങൾക്ക് ഏറെ പ്രയോജനപ്പെടുമായിരുന്ന ടൂറിസം മേഖലയുടെ കവാടമാണ് സുരക്ഷയുടെ പേര് പറഞ്ഞ് സന്ദർശകരുടെ മുന്നിൽ കൊട്ടിയടയ്ക്കുന്നത്.

പ്രവേശനമില്ലെങ്കിൽ പദ്ധതികൾ എന്തിന്

മലങ്കര ടൂറിസം മേഖലയ്ക്ക് നിരവധി പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും ഒന്നും പൂർണതയിലെത്തുന്നില്ല. എൻട്രൻസ് പ്ലാസയുടെ നിർമ്മാണം മാസങ്ങൾക്ക് മുമ്പ് പൂർത്തിയായിട്ടും അത് തുറന്ന് കൊടുക്കാൻ പോലും കഴിഞ്ഞിട്ടില്ല. സംസ്ഥാന പാതയോരത്ത് മലങ്കര ഡാമിന് വേണ്ടി ലക്ഷങ്ങൾ മുടക്കി അടുത്തിടെ ആധുനിക പ്രവേശന കവാടം നിർമ്മിച്ചിട്ടുണ്ട്. കവാടം കടന്ന് ഡാമിലേക്കെത്തുന്നവരെ സ്വീകരിക്കുന്നതാകട്ടെ സന്ദർശകർക്ക് പ്രവേശനമില്ലെന്ന ബോർഡാണ്.

''മുട്ടത്തെ സർവ മേഖലയ്ക്കും ഏറെ പ്രയോജനപ്പെടുന്ന മലങ്കര ഡാം സന്ദർശകർക്കായി തുറന്ന് കൊടുക്കാൻ അധികൃതർ തയ്യാറാകണം. മുട്ടത്തിന്റെ വികസനത്തിന് ഗുണകരമായ ടൂറിസം മേഖലയോടാണ് അധികൃതർ അവഗണന തുടരുന്നത്. ഇത് അവസാനിപ്പിച്ച് വികസന സൗഹൃദ നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകുന്നില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി വ്യാപാരി സമൂഹം രംഗത്ത് വരാൻ നിർബന്ധിതമാകും.

- പി.എസ്. രാധാകൃഷ്ണൻ

(വ്യാപാരി വ്യവസായി ഏകോപന സമിതി മുട്ടം യൂണിറ്റ് പ്രസിഡന്റ്)