രാജാക്കാട്: പാവയ്ക്ക പോലെ തന്നെ പാവൽ കൃഷിയും കർഷകന് നൽകുന്നത് കയ്പ്പ് മാത്രം. അടിയ്ക്കടിയുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനം മൂലം പാവൽകൃഷി നശിയ്ക്കുന്നത് പതിവായതാണ് കർഷകരുടെ പ്രതീക്ഷകളെ തകർക്കുന്നത്. ശക്തമായ മഴയും, കടുത്ത വെയിലും, രാവിലെയും രാത്രികാലങ്ങളിലും വൈകുന്നേരങ്ങളിലും അനുഭവപ്പെടുന്ന മഞ്ഞും കാരണം പാവലിന്റെ പുതുനാമ്പുകളും ഇലകളും തണ്ടും കരിഞ്ഞുണങ്ങുകയാണ്. ഇതോടൊപ്പം ചെടികൾക്ക് പഴുപ്പ് ബാധിക്കുന്നുമുണ്ട്. ഹൈറേഞ്ചിലെ പ്രധാന വിളയാണ് പാവൽ. സെപ്തംബർ ഒക്ടോബർ മാസങ്ങളിൽ നടുന്ന വിത്തുകൾ പന്തലുകളിൽ കയറി നിരന്ന് വിളവ് നൽകുന്ന സമയമാണിപ്പോൾ. ഏലവും വാഴയും കപ്പയും ഉൾപ്പെടെയുള്ള ഹ്രസ്വകാല വിളകൾ പ്രളയത്തിൽ വ്യാപകമായി നശിച്ചതിനെത്തുടർന്ന് പിടിച്ചുനിൽക്കുന്നതിനായി നല്ലൊരു പങ്ക് കർഷകരും പാവൽ കൃഷിയിലേയ്ക്ക് തിരിഞ്ഞിട്ടുണ്ട്. വിത്തിറക്കി ചുരുങ്ങിയ നാളുകൾക്കകം വിളവെടുപ്പ് ആരംഭിക്കാമെന്നതിനാലാണ് കൂടുതൽ പേരും പാവൽ തിരഞ്ഞെടുത്തത്. വൻതുക പാട്ടം നൽകി സ്ഥലം എടുത്താണ് പലരും കൃഷിയിറക്കിയിരിക്കുന്നത്. പതിനായിരങ്ങൾ ചെലവിട്ട് നിർമ്മിച്ച പന്തലുകളിൽ ചെടികൾ നിരക്കുകയും, വിളവെടുപ്പ് നാമമാത്രമായാണെങ്കിലും ആരംഭിക്കുകയും ചെയ്തു. എന്നാൽ ദിവസവും മാറിമറിയുന്ന കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ ചെടികൾക്ക് ആകുന്നില്ല. ഇടവിട്ട് ലഭിയ്ക്കുന്ന കനത്ത മഴയും തുടർന്ന് വരുന്ന പൊള്ളുന്ന വെയിലും പുതിയ നാമ്പുകളെയും ഇലകളെയും കരിയിക്കുകയാണ്. മഞ്ഞുവെള്ളം ഇലകളിൽ തങ്ങിനിൽക്കുന്നതുമൂലം വെയിൽ ഉറയ്ക്കുമ്പോൾ തിളച്ചവെള്ളം വീണതുപോലെ കരിഞ്ഞ് ചുരുളും. ഇതിനു പുറമെയാണ് ഇലകളും തണ്ടും പഴുത്ത് പോകുന്നത്. പഴുപ്പിനെ പ്രതിരോധിയ്ക്കാൻ കുമിൾ നാശിനികൾ തളിയ്ക്കുകയും ചെടികളുടെ ചുവട്ടിൽ ഒഴിക്കുകയുമൊക്കെ ചെയ്യുന്നുണ്ടെങ്കിലും ഫലം കാണുന്നില്ല. ഈ നില തുടർന്നാൽ കൂടുതൽ കടബാധ്യതകളിലേയ്ക്ക് കൂപ്പുകുത്തുമെന്ന ആശങ്കയിലാണ് കർഷകർ.