ചെറുതോണി: കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് ഷീബാ ജയൻ മുന്നണി ധാരണ പ്രകാരം രാജിവച്ചു. ഇന്നലെ ഉച്ചയ്ക്ക് 1.30ന് പഞ്ചായത്ത് സെക്രട്ടറിക്കാണ് ഷീബ രാജി കത്ത് നൽകിയത്. വൈസ് പ്രസിഡന്റും മുന്നണി ധാരണപ്രകാരം രാജിവയ്ക്കും. പ്രസിഡന്റും വൈസ് പ്രസിഡന്റും ഒരുമിച്ചു രാജിവച്ചാൽ തത്കാലത്തേക്ക് മറ്റൊരാളെ ഭരണം ഏൽപിക്കുന്നത് ഒഴിവാക്കാനാണ് വൈസ് പ്രസിഡന്റിന്റെ രാജി വൈകിപ്പിക്കുന്നത്. എന്നാൽ വൈസ് പ്രസിഡന്റ് യു.ഡി.എഫ് നേതൃത്വത്തിന് രാജിക്കത്ത് നൽകിയിട്ടുണ്ട്. മുന്നണി ധാരണപ്രകാരം വനിതാസംവരണമായതിനാൽ കേരളാ കോൺഗ്രസിലെ രാജേശ്വരി പ്രസിഡന്റാകും. 18 അംഗങ്ങളുള്ള പഞ്ചായത്തിൽ കോൺഗ്രസിന്- ആറ് കേരളാ കോൺഗ്രസിന്- മൂന്ന്, സി.പി.എം- രണ്ട്, സി.പി.ഐ- ഒന്ന്, ബി.ജെ.പി- ഒന്ന്, ഇടത് സ്വതന്ത്രർ- 5 എന്നിങ്ങനെയാണ് കക്ഷിനില. ഇടുക്കി നിയമസഭാ മണ്ഡലത്തിൽ മുന്നണി ധാരണപ്രകാരം പ്രസിഡന്റുമാർ രാജിവയ്ക്കുന്ന മൂന്നാമത്തെ പഞ്ചായത്താണ് കഞ്ഞിക്കുഴി. വാഴത്തോപ്പിലെയും കൊന്നത്തടിയിലെയും പഞ്ചായത്ത് പ്രസിഡന്റുമാർ കഴിഞ്ഞ ദിവസങ്ങളിൽ രാജി വച്ചിരുന്നു.