ചെറുതോണി: മികച്ച ജൈവ കർഷകരെ ആദരിക്കുന്നതിനായി ഹൈറേഞ്ച് ഡെവലപ്‌മെന്റ് സൊസൈറ്റി ഏർപ്പെടുത്തിയ കർഷക തിലക് അവാർഡിന് രാജപുരം തറന്നേൽ സെബാസ്റ്റ്യൻ- ഏലിക്കുട്ടി ദമ്പതികൾ അർഹരായി. പ്രശസ്തി പത്രവും 5001 രൂപയുടെ ക്യാഷ് അവാർഡുമാണ് പുരസ്കാരം. സൊസൈറ്റിയുടെ കീഴിൽ ജൈവ കൃഷി പ്രോത്സാഹനത്തിന് നേതൃത്വം നൽകിയിരുന്ന ഡോ. ജോർജ്ജ് എബ്രാഹം തോണിക്കുഴിക്കുന്നേലിന്റെ സ്മരണാർത്ഥമാണ് അവർഡ് നൽകുന്നത്. അഞ്ച് ഏക്കർ സ്ഥലത്ത് കഴിഞ്ഞ 12 വർഷമായി സമ്പൂർണ്ണ ജൈവ കൃഷി നടത്തുന്നവരാണ് ഈ ദമ്പതികൾ. കുരുമുളക്, തെങ്ങ്, കൊക്കോ, കാപ്പി, ഏലം, റബർ, ജാതി ഗ്രാമ്പു തുടങ്ങിയവ ഉൾപ്പെടുന്ന സമ്മിശ്ര കൃഷിയാണ് ഇവർ ചെയ്യുന്നത്. കൂടാതെ പാവൽ, പയർ, കോവൽ, ഇഞ്ചി, കപ്പ, മഞ്ഞൾ, ചേന, വാഴ തുടങ്ങിയ വാർഷിക വിളകളും ക്യഷി ചെയ്യുണ്ട്. വിവിധ ഇനം പഴച്ചെടികളും, ധാരാളം വ്യക്ഷങ്ങളും കൊണ്ട് സമ്പന്നമാണ് ക്യഷിസ്ഥലം. പശു, കോഴി, ആട് തുടങ്ങിയവയും വളർത്തുന്നുണ്ട്. പാചകത്തിനായി ബയോഗ്യാസിനെ മാത്രം ആശ്രയിക്കുന്ന ഇവർ സ്ലറിയും മണ്ണിര കമ്പോസ്റ്റുമാണ് കൃഷി വളമായി ഉപയോഗിക്കുന്നത്. വിവിധ ഇനം യന്ത്രങ്ങൾ ഉപയോഗിച്ചാണ് കൃഷിയിടത്തിലെ പണികൾ നടത്തുന്നത്. സ്വന്തമായി നിർമ്മിച്ച ഡ്രയറിലാണ് കൊക്കോയും, ജാതിക്കായും, കുരുമുളകും, തേങ്ങയും ഉണക്കുന്നത്. 24 ന് രാജമുടി ക്രിസ്തുരാജാ പാരീഷ് ഹാളിൽ നടക്കുന്ന ചടങ്ങിൽ കളക്ടർ കെ. ജീവൻ ബാബു അവാർഡ് സമ്മാനിക്കുമെന്ന് ഹൈറേഞ്ച് ഡെവലെപ്‌മെന്റ് സൊസൈറ്റി ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ, ജൈവ കൃഷി കോഡിനേറ്റർ എബിൻ കുറുന്താനത്ത്, കൃഷി വിദഗ്ദ്ധരായ ടി.വി. സുഗതൻ, ബിനോയി മലേപറമ്പിൽ എന്നിവർ അറിയിച്ചു.