കട്ടപ്പന: പ്രവർത്തകരിൽ ആവേശമായി ബി.ഡി.ജെ.എസ് ജില്ലാ നേതൃത്വക്യാമ്പ്. ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നിന്ന് 381 പ്രതിനിധികളും പാർട്ടി സംസ്ഥാന ഭാരവാഹികളും പങ്കെടുത്ത ക്യാമ്പ് പ്രവർത്തകർക്ക് നവോന്മേഷം പകർന്നു. ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച് തിളക്കമാർന്ന മുന്നേറ്റം കാഴ്ചവെച്ച പാർട്ടി കൂടുതൽ കരുത്താർജ്ജിക്കാൻ ഒന്നിച്ചു നിന്നുള്ള പ്രവർത്തനങ്ങളിലേക്ക് എല്ലാവരും കടന്നുവരണമെന്നുള്ള ആഹ്വാനത്തോടെയാണ് ഏക ദിനക്യാമ്പിന് സമാപനമായത്. രാവിലെ സംസ്ഥാനപ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പതാക ഉയർത്തിയതോടെയാണ് പരിപാടികൾ ആരംഭിച്ചത്. തുടർന്ന് നടന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് പി. രാജൻ അദ്ധ്യക്ഷനായിരുന്നു. തുഷാർ വെള്ളാപ്പള്ളി യോഗം ഉദ്ഘാടനം ചെയ്തു. സ്‌പൈസസ് ബോർഡ് ചെയർമാൻ സുഭാഷ് വാസു, ഐ.ടി.ഡി.സി ഡയറക്ടർ കെ. പത്മകുമാർ, നേതാക്കളായ തഴവ സഹദേവൻ, പി.ടി. മന്മദൻ, ബിജു മാധവൻ, കെ.പി. ഗോപി, അനിൽ തറനിലം, രാജേഷ് നെടുമങ്ങാട്, എം.ബി. ശ്രീകുമാർ, വി. ഗോപകുമാർ, അഡ്വ. പി.ആർ. മുരളീധരൻ, വിനോദ് ഉത്തമൻ, സുരേഷ് കൊട്ടയ്ക്കകത്ത്, സജി പറമ്പത്ത്, അജയൻ കെ. തങ്കപ്പൻ, ഡോ. സോമൻ, മനേഷ് കുടിക്കകത്ത്, ജയേഷ് തൊടുപുഴ, കല്ലാർ രമേശ്, ബിനീഷ് കെ.പി, മനോജ് പതാലിൽ എന്നിവർ സംസാരിച്ചു.