 മർദനത്തിനു പിന്നിൽ പിഴ അടപ്പിച്ചതിന്റെ വൈരാഗ്യം

വണ്ടിപ്പെരിയാർ: ചരക്കു സേവന നികുതി ഓഫീസ് ജീവനക്കാരനെ കച്ചവടക്കാർ സംഘം ചേർന്നു മർദിച്ചതായി പരാതി. പീരുമേട് ഓഫീസിലെ ക്ലാർക്ക് ഗ്ലമ്മേരി എസ്റ്റേറ്റിൽ ആലവന്താൻ കുളത്തിൽ മനോയാണ് (35) മർദനത്തിനിരയായത്. 2017ൽ പച്ചക്കറി വാഹനത്തിൽ കച്ചവടക്കാർക്ക് കൊണ്ടുവന്ന പുകയില ഉത്പന്നങ്ങൾ പിടികൂടിയ ഇനത്തിൽ ചരക്കു സേവന നികുതി വിഭാഗം ഇവരെക്കൊണ്ട് രണ്ടു ലക്ഷം രൂപ പിഴ അടപ്പിച്ചിരുന്നു. ഈ സംഘത്തിൽ മനോ ഉണ്ടായിരുന്നെന്നും അതിന്റെ വൈരാഗ്യമാണ് മർദ്ദനത്തിൽ കലാശിച്ചതെന്നും പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. ഞായറാഴ്ച രാവിലെ 11.40ന് വണ്ടിപ്പെരിയാർ ബസ് സ്റ്റാന്റിലായിരുന്നു സംഭവം. കോഴികൾക്ക് തീറ്റയും വാങ്ങി വീട്ടിലേക്ക് പോകാൻ ബസ് കാത്തു നിൽക്കുകയായിരുന്നു മനോ. 20 കിലോ തീറ്റ നിറച്ച ചാക്ക് തൂക്കി പിടിക്കാൻ കഴിയാത്തതിനാൽ സമീപത്തെ ബേക്കറിയുടെ മുൻവശത്തെ ദേശീയപാതയോട് ചേർന്നിട്ടുള്ള ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്നു. ഇതെടുത്ത് മാറ്റണമെന്ന് പറഞ്ഞാണ് കച്ചവടക്കാരിലൊരാൾ മനോയെ പിടിച്ചു തള്ളിയത്. ഇതിനെ ചോദ്യം ചെയ്തപ്പോൾ ഇയാൾ മുഖത്തടിക്കുകയും മറ്റു ചിലരെ കൂട്ടി മർദിക്കുകയുമായിരുന്നെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് പീരുമേട് ആശുപത്രിയിൽ ചികിത്സ തേടി. ചെവിക്കുള്ളിൽ പൊട്ടലുണ്ടെന്നും വിദഗ്ദ്ധ ചികിത്സ വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചതായും മനോ പറഞ്ഞു. വണ്ടിപ്പെരിയാർ പൊലീസ് കേസെടുത്തു.