നെടിങ്കണ്ടം: പ്രതികളെ തെളിവെടുപ്പിന് കൊണ്ടുപോവുകയായിരുന്ന പൊലീസ് വാഹനത്തെ മാരകായുധങ്ങളുമായി ആട്ടോറിക്ഷയിൽ പിന്തുടർന്ന രണ്ട് എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിൽ. രാമക്കൽമേട് തടയറ ഷംസുദീൻ (30), കല്ലാർ മഠത്തിൽ ഷഫീഖ് (31) എന്നിവരാണ് അറസ്റ്റിലായത്. കത്തി, ഇരുമ്പ് ദണ്ഡ്, പണം എന്നിവ ഇവരിൽ നിന്ന് പിടിച്ചെടുത്തു. ഇവർ സഞ്ചരിച്ചിരുന്ന വാഹനവും കസ്റ്റഡിയിലെടുത്തു. ബി.ജെ.പി കരുണാപുരം പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് സൂര്യകുമാറിന്നെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ അറസ്റ്റിലായ എസ്.ഡി.പി.ഐ പ്രവർത്തകരായ പ്രതികളെ എസ്.ഐ മനീഷ് പൗലോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഔദ്യോഗിക വാഹനത്തിൽ തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെ യാത്രയിൽ ഉടനീളം ഒരു ആട്ടോറിക്ഷ പിന്തുടരുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. സംശയം തോന്നിയ ഉദ്യോഗസ്ഥർ ഓട്ടോ നിറുത്തി പരിശോധിച്ചപ്പോൾ വാഹനത്തിൽ ഉണ്ടായിരുന്നവരുടെ പക്കൽ നിന്ന് ആയുധങ്ങളും പണവും കണ്ടെടുക്കുകയായിരുന്നു. ഇരുവരും എസ്.ഡി.പി.ഐ പ്രവർത്തകരാണെന്നും കൗതുകത്തിന് പിന്തുടർന്നതാണെന്നും പൊലീസിനോട് പറഞ്ഞു. കേസെടുത്ത് കട്ടപ്പന കോടതിയിൽ ഹാജരാക്കിയ പ്രതികൾ ജാമ്യത്തിലിറങ്ങി. ബി.ജെ.പി പ്രാദേശിക നേതാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്ന പ്രതികൾ ചോറ്റുപാറ മരോട്ടിക്കുഴി മാഹിൻ (മുഹമ്മദ് റഫിഖ് 30), സന്യാസിയോട പനയ്ക്കൽസിറ്റി മുഹമ്മദ് അൻസാർ (24) എന്നിവരെ കോടതി 14 ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു. വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്‌.