കൊച്ചി: കൊലക്കത്തിക്കിരയായ അഭിമന്യുവിന്റെ മറ്റൊരു മോഹം കൂടി സ്ഥലമാക്കാൻ മഹാരാജാസ് കോളേജിലെ വിദ്യാർത്ഥികൾ വട്ടവട ഗ്രാമത്തിലെത്തി. രണ്ടു ദിവസം അഭിമന്യുവിന്റെ നാട്ടുകാരുടെ ആരോഗ്യ ജീവിത സാഹചര്യങ്ങൾ 25 അംഗ സംഘം പഠിക്കും. എൻ.എസ്.എസ് വോളണ്ടിയർമാരാണ് ഇന്നലെ രാത്രി എറണാകുളത്തു നിന്ന് ബസിൽ പുറപ്പെട്ട് ഇന്നു പുലർച്ചെ അഭിമന്യുവിന്റെ ജന്മസ്ഥലമായ മൂന്നാർ വട്ടവടയിലെത്തിയത്. ഇന്നും നാളെയുമായി വട്ടവട, കൊട്ടക്കാമ്പൂർ, കോവിലൂർ ഗ്രാമങ്ങളിലെ എട്ടു വാർഡുകളിലെ വീടുകളിലെത്തി സർവേ നടത്തും. ജനങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾ, രോഗങ്ങൾ, ജീവിത സാഹചര്യങ്ങൾ എന്നിവയാണ് പഠിക്കുന്നത്. പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലി ഉപയോഗിച്ചാണ് സർവേയെന്ന് സംഘത്തിന് നേതൃത്വം നൽകുന്ന എൻ.എസ്.എസ് കോ ഓർഡിനേറ്റർമാരായ ഡോ. ജൂലി ചന്ദ്ര, പ്രജിനി പ്രകാശ് എന്നിവർ പറഞ്ഞു. വട്ടവടയിൽ ചികിത്സാ സൗകര്യങ്ങളില്ലാത്തത് അഭിമന്യു സഹപാഠികളോട് പറയുമായിരുന്നു. നല്ല ചികിത്സ നാട്ടുകാർക്ക് ലഭിക്കണമെന്ന അഭിമന്യുവിന്റെ മോഹം സഫലമാക്കുകയാണ് ലക്ഷ്യം. സർവേ അടിസ്ഥാനമാക്കി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദഗ്ദ്ധർ ക്യാമ്പിൽ പങ്കെടുക്കും. ആവശ്യമായ തുടർ ചികിത്സയ്ക്കും സൗകര്യമൊരുക്കും.