രാജാക്കാട്: പ്രളയത്തിൽ തകർന്ന് അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരുന്ന വെള്ളത്തൂവലിലെ പന്നിയാർ ജലവൈദ്യുതി നിലയത്തിൽ ഉത്പാദനം വെള്ലിയാഴ്ച വൈകിട്ടോടെ പുനഃരാരംഭിച്ചു. ആകെയുള്ള രണ്ട് ജനറേറ്ററുകളിൽ അറ്റകുറ്റപ്പണി പൂർത്തിയായ ഒരെണ്ണമാണ് നിലവിൽ പ്രവർത്തന സജ്ജമാക്കിയിരിക്കുന്നത്. ആഗസ്റ്റ് 16 നാണ് ഇവിടെ ചെളിയും വെള്ളവും കയറി ജനറേറ്ററുകൾക്കും യന്ത്ര സാമഗ്രികൾക്കും ഗുരുതരമായ കേടുപാടുകൾ ഉണ്ടായത്. ഇവ പരിഹരിച്ച് നവംബർ അവസാനത്തോടെ വൈദ്യുതോത്പാദനം പൂർണ തോതിൽ പുനഃരാരംഭിക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നെങ്കിലും ഒരു ജനറേറ്ററിന്റെ തകരാർ മാത്രമാണ് പരിഹരിയ്ക്കാനായത്. 34 മെഗാവാട്ട് ശേഷിയുള്ള നിലയത്തിൽ 17 മെഗാവാട്ടിന്റെ വീതം രണ്ട് ജെനറേറ്ററുകളാണുള്ളത്. പവർഹൗസിനോട് ചേർന്ന് പുഴയിൽ നിർമ്മിച്ചിരിയ്ക്കുന്ന ചെക്ക് ഡാം കവിഞ്ഞൊഴുകിയാണ് വൈദ്യുതി നിലയത്തിൽ ചെളിയും വെള്ളവും കയറിയത്. ഇതോടെ ജനറേറ്ററുകളും കൺട്രോൾ കാർഡുകളും വെള്ളത്തിലായി. ഇതുമൂലം 18 കോടി രൂപയുടെ നാശനഷ്ടമുണ്ടായതാണ് കണക്ക്. ഇതിനു പുറമെ ഉത്പാദനം പൂർണമായും നിറുത്തിവയ്‌ക്കേണ്ടി വന്നത് മൂലം പ്രതിദിനം ലക്ഷക്കണക്കിനു രൂപയുടെ നഷ്ടവും ബോർഡിനുണ്ടായി. ഉത്പാദനം നിലച്ചതോടെ ഇവിടേയ്ക്ക് വെള്ളമെത്തിയ്ക്കുന്നതിനായി നിർമ്മിച്ചിരിയ്ക്കുന്ന പൊൻമുടി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നിരുന്നു. ഷട്ടറുകൾ ഉയർത്തി ജലം പന്നിയാർ പുഴയിലേയ്ക്ക് ഒഴുക്കി കളഞ്ഞാണ് നിരപ്പ് ക്രമീകരിച്ചിരുന്നത്. മൂന്ന് മാസത്തോളം നീണ്ട അറ്റകുറ്റപണികൾക്കൊടുവിൽ രണ്ടാമത്തെ ജനറേറ്ററാണ് ഇപ്പോൾ ഉത്പാദനം ആരംഭിച്ചിരിക്കുന്നത്. ഈ ജനറേറ്ററിന്റെ വെള്ളം കയറി നശിച്ച യന്ത്രഭാഗങ്ങൾക്ക് പകരം ഒന്നാമത്തെ ജനറേറ്ററിന്റെ ഭാഗങ്ങൾ മാറ്റി സ്ഥാപിച്ചാണ് അറ്റകുറ്റപണികൾ പൂർത്തിയാക്കിയത്. ഉത്പാദനം നിറുത്തിയതോടെ തുറന്നുവിടേണ്ടി വന്ന പൊന്മുടി അണക്കെട്ടിന്റെ ഷട്ടറുകൾ അടയ്ക്കാനും ബോർഡ് തീരുമാനമെടുത്തിട്ടുണ്ട്.

കണ്ടു പഠിക്കൂ സ്വകാര്യ മേഖലയെ

ഇതേ ദിവസങ്ങളിൽ തന്നെ പ്രളയത്തിൽ തകർന്ന് അടച്ചിടേണ്ടിവന്ന കുത്തുങ്കലിലെ സ്വകാര്യ ജലവൈദ്യുതി നിലയത്തിലെ അറ്റകുറ്റപണികൾ വേഗത്തിൽ പൂർത്തിയാക്കി 20 ദിവസങ്ങൾക്കകം ഉത്പാദനം ഭാഗികമായി പുനഃരാരംഭിച്ചിരുന്നു. ഏഴ് മെഗാവാട്ട് വീതം ശേഷിയുള്ള മൂന്ന് ജനറേറ്ററുകളാണ് ഇവിടെയുള്ളത്. നാല് മീറ്ററോളം ഉയരമുള്ള സംരക്ഷണ ഭിത്തി തകർന്നുവീണതിനെത്തുടർന്ന് പുഴ പവർഹൗസിനുള്ളിലൂടെ ഗതിമാറി ഒഴുകുകയും യാർഡും ജനറേറ്ററുകളും പാനൽ ബോർഡുകളും ചെളിയും വെള്ളവും ചപ്പ് ചവറുകളും മരക്കഷണങ്ങളും കയറി മൂടുകയും ചെയ്തു. നിരവധി യന്ത്ര സാമഗ്രികൾ വെള്ളത്തിൽ ഒഴുകിപ്പോയി. പൂർണ തോതിൽ പ്രവർത്തിക്കേണ്ട സീസണിൽ അടച്ചിടേണ്ടി വന്നതിനെ തുടർന്ന് 100ലക്ഷം യൂണിറ്റ് വൈദ്യുതിയുടെ ഉത്പാദന നഷ്ടം സംഭവിച്ചു. എങ്കിലും മഴ മാറിയ പുറകെ യുദ്ധകാലാടിസ്ഥാനത്തിൽ ശുചീകരണം നടത്തിയും ജനറേറ്ററുകൾ ഒന്നൊന്നായി കേടുപാടുകൾ തീർത്തും ഒക്ടോബർ 17ന് പൂർണ തോതിൽ ഉത്പാദനം പുനരാരംഭിക്കാനായി.