ഇടുക്കി: കാന്തല്ലൂർ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന പരാതി അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. കാന്തല്ലൂർ പഞ്ചായത്തിലെ വിദൂര വാർഡുകളായ മിഷൻവയൽ, കർശനാട്, ദിണ്ടുക്കൊമ്പ്, കോവിൽക്കടവ് പ്രദേശങ്ങളിൽ നിന്ന് കാന്തല്ലൂരിലെത്തി മടങ്ങി പോകുന്ന കെ.എസ്.ആർ.ടിസി, സ്വകാര്യ ബസുകൾ സമയക്ലിപ്തത പാലിക്കുന്നില്ലെന്നാണ് പ്രധാന പരാതി. ഇക്കാര്യത്തിൽ ഇടുക്കി റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസറും കെ.എസ്.ആർ.ടി.സി എം.ഡിയും റിപ്പോർട്ട് നൽകണം. പ്രദേശത്തെ പൊളിഞ്ഞ റോഡുകൾ നന്നാക്കണമെന്ന ആവശ്യത്തിൽ കാന്തല്ലൂർ പഞ്ചായത്ത് സെക്രട്ടറിയും പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനിയറും (ഇടുക്കി) റിപ്പോർട്ട് നൽകണം. കോവിൽകടവിലും പാമ്പാറിന് കിഴക്കുള്ള കാന്തല്ലൂർ പഞ്ചായത്തിലും വേനൽകാലത്ത് അനുഭവപ്പെടുന്ന കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് കാന്തല്ലൂർ, മറയൂർ പഞ്ചായത്ത് സെക്രട്ടറിമാർ റിപ്പോർട്ട് നൽകണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. ഒരു മാസമാണ് സമയപരിധി അനുവദിച്ചിരിക്കുന്നത്. കേസ് 2019 ജനുവരിയിൽ തൊടുപുഴയിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും. മൈക്കിൾഗിരി സെന്റ് ജൂഡ്സ് ലാറ്റിൻ കാത്തലിക് പള്ളിയിലെ ഇടവക വികാരി ഫാദർ ജോയി കൊളത്താടി നൽകിയ പരാതിയിലാണ് നടപടി.