തൊടുപുഴ: കുമാരമംഗലം വില്ലേജ് ഇന്റർനാഷണൽ സ്കൂൾ വിദ്യാർത്ഥികൾ സമാഹരിച്ച നാലുലക്ഷത്തോളം രൂപ മുടക്കി പ്രളയത്തിൽ എല്ലാം നഷ്ടമായ മൂന്ന് കുടുംബങ്ങൾക്ക് വീടുകൾ പുതുക്കി പണിതു നൽകി. പെരുമ്പാവൂരിനടുത്ത് കൂവപ്പടിയിലും, എളമ്പപ്പള്ളിയിലുമുള്ള വീടുകളാണിവർ പുനർനിർമ്മിച്ചു നൽകിയത്. ഇതോടൊപ്പം ആവശ്യമായ ഭക്ഷ്യവസ്തുക്കളും മറ്റുപകരണങ്ങളുമടക്കം സാധനസാമഗ്രികളും വാങ്ങി നൽകി. മൂന്നു വീടുകളിലുമായി ഏതാണ്ട് 25 അംഗങ്ങളാണ് താമസിക്കുന്നത്. ഇതിൽ 12 പേർ വിവിധ സ്‌കൂളുകളിലും കോളേജുകളിലുമായി പഠിക്കുന്ന വിദ്യാർത്ഥികളാണ്. രണ്ട് മാസം മുമ്പ് ഈ കുടുംബാംഗങ്ങളെയെല്ലാം സ്‌കൂളിൽ ക്ഷണിച്ചു വരുത്തി അവർക്ക് സഹായവാഗ്ദാനം നൽകിയിരുന്നു. ഇതനുസരിച്ച് പുനർനിർമ്മാണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കിയ ശേഷം അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് വീടുകൾ ഉടമസ്ഥർക്ക് കൈമാറുകയായിരുന്നു. പെരുവംമൂഴി എന്ന സ്ഥലത്ത് ഊരമനയിലുള്ള പ്രവീൺ എന്നയാളുടെ കുടുംബത്തിലേക്കാവശ്യമായ കട്ടിലും കിടക്കയുമടക്കമുള്ള വീട്ടുപകരണങ്ങളും സ്‌കൂളിലെ വിദ്യാർത്ഥികൾ പ്രളയദുരിതത്തിന്റെ ആദ്യ നാളുകളിൽ തന്നെ നൽകി സഹായിച്ചിരുന്നു. കാരുണ്യത്തിന്റേയും സഹജീവി സ്‌നേഹത്തിന്റേയും ഉദാത്തമായ മാതൃകയാണ് കുട്ടികൾ പ്രകടമാക്കിയതെന്ന് ആക്ടിവിറ്റി കോ- ഓർഡിനേറ്ററും സ്കൂളിലെ അദ്ധ്യാപകനുമായ നോബി സ്‌കറിയ പറഞ്ഞു. കുട്ടികളുടെ ഈ സത്പ്രവർത്തിക്ക് പൂർണമായും സഹായവും സഹകരണവും നൽകിയ രക്ഷിതാക്കളെ സ്‌കൂൾ പ്രിൻസിപ്പൽ സരിതാ ഗൗതംകൃഷ്ണ അനുമോദിച്ചു. സ്‌കൂൾ വിദ്യാർത്ഥികളായ ഇ.കെ. ദേവദത്തൻ, അഭിനവ് അനിൽ, നിയ മിറിയം സുനിൽ എന്നിവരാണ് ഓരോ വീടിന്റെയും താക്കോൽദാനം നിർവഹിച്ചത്.