അടിമാലി: അടിമാലി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന് വീണ്ടും സ്ഥലമാറ്റം. സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥനെയാണ് ശിക്ഷാനടപടികളുടെ ഭാഗമായി ഇടുക്കി എ.ആർ ക്യാമ്പിലേക്ക് സ്ഥലം മാറ്റിയിട്ടുള്ളത്. മറയൂരിലെ എ.ടി.എം കവർച്ചയുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥർ ഡ്യൂട്ടി ചെയ്യാതെ ചുറ്റിനടക്കുന്നതായി കാണിച്ച് സേനയെ അപമാനിക്കും വിധം വാട്സ്ആപ്പിലൂടെ സന്ദേശം പ്രചരിപ്പിച്ചതിനാണ് നടപടി. സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തുകയും പൊലീസ് ഉദ്യോഗസ്ഥൻ തെറ്റായ രീതിയിൽ പ്രവർത്തിച്ചെന്ന് കണ്ടെത്തുകയും ചെയ്തതിനെ തുടർന്നാണ് നടപടിയെന്ന് ജില്ലാ പൊലീസ് മേധാവി കെ.ബി വേണുഗോപാൽ പറഞ്ഞു. കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ ഇത് മൂന്നാം തവണയാണ് അടിമാലി സ്റ്റേഷനിലെ പൊലീസുദ്യോഗസ്ഥർക്കെതിരെ ശിക്ഷണ നടപടി ഉണ്ടാകുന്നത്. ശിക്ഷണ നടപടികളുടെ ഭാഗമായി സ്റ്റേഷൻ ഹൗസ് ഓഫീസർ ഉൾപ്പെടെ ആറ് പോലീസ് ഉദ്യോഗസ്ഥർക്കാണ് സ്ഥലമാറ്റം ലഭിച്ചത്. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അടിമാലി ടൗണിൽ ഉണ്ടായ വിദ്യാർത്ഥി സംഘർഷം തടയുന്നതിൽ വീഴ്ച വരുത്തിയതിനും ടൗണിലെ വസ്ത്ര വ്യാപാരശാലയിൽ ഉണ്ടായ ക്രമസമധാന പ്രശ്നത്തിൽ ഇടപെടുന്നതിൽ വീഴ്ച വരുത്തിയതിനുമാണ് മുമ്പ് പൊലീസ് ഉദ്യേഗസ്ഥർക്കെതിരെ നടപടികൾ ഉണ്ടായത്. മുമ്പും വാട്സ്ആപ്പിലൂടെ തെറ്റായ സന്ദേശം പ്രചരിപ്പിച്ചതിന്റെ പേരിൽ അടിമാലി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ ശിക്ഷണ നടപടി നേരിട്ടുണ്ട്.