ചെറുതോണി: തൊഴിൽ തർക്കത്തെ തുടർന്ന് റോഡു നിർമാണം മുടങ്ങിയിട്ടു രണ്ടാഴ്ച കഴിഞ്ഞിട്ടും യൂണിയൻ നേതാക്കന്മാരുടെ പിടിവാശി മൂലം പരിഹരിക്കുവാൻ നടപടിയില്ല. നിർമാണത്തിന് എത്തിയ്ക്കുന്ന സിമന്റ് ഇറക്കുന്നത് സംബന്ധിച്ചുള്ള തർക്കമാണ് റോഡ് നിർമാണം മുടങ്ങിയത്. ചെറുതോണി ആലിൻചുവട് റോഡ് തകർന്നിട്ട് മൂന്നരമാസം കഴിഞ്ഞു. ഒന്നരമാസം മുമ്പ് റോഡിന് 30 കോടി രൂപ അനുവദിച്ച് നിർമാണം ആരംഭിച്ചതാണ്. നിർമാണത്തിന് മുന്നോടിയായി മൺപണി പൂർത്തിയാക്കുകയും ആവശ്യമായ കമ്പി, മെറ്റൽ, മണൽ എന്നിവ എത്തിക്കുകയും ചെയ്തു. റോഡിന്റെ സൈഡ് കോൺക്രീറ്റ് ചെയ്യാനാണ് ടെന്റർ നൽകിയിരിക്കുന്നത്. ഒരു മാസം കൊണ്ട് നിർമാണം പൂർത്തിയാക്കനാണ് കരാർ നൽകിയിരിക്കുന്നത്. ഇതനുസരിച്ച് കരാറുകാരൻ സിമന്റ് ഇറക്കുന്നതിനായി കൊണ്ടുവന്നപ്പോഴാണ് തർക്കം ഉടലെടുത്തത്. ആലിൻചുവട് മേഖലയിൽ 26 എ തൊഴിൽ കാർഡുള്ള 14 തൊഴിലാളികളുണ്ട്. ഈ മേഖലയിൽ കയറ്റിറക്കു ജോലികൾ ചെയ്യുന്നത് കാർഡുള്ള തൊഴിലാളികളാണ്. സി.ഐ.ടി.യു, ഐ.എൻ.ടി.യു, ബി.എം.എസ് യുണിയനുകളിൽ പ്പെട്ടവരാണ് നിലവിൽ പണികൾ നടത്തികൊണ്ടിരിക്കുന്നത്. പുതിയതായി 25 പേരെ കൂടി കയറ്റിറക്ക് ജോലിക്ക് ഉൾപ്പെടുത്തണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടത് അംഗീകൃത തൊഴിലാളികൾ സംയുക്തമായി എതിർത്തതാണ് തർക്കത്തിന് കാരണം. കയറ്റിറക്ക് മേഖലകളിൽ പ്രദേശികമായി യൂണിയൻ വ്യവസ്ഥയിൽ തൊഴിലാളികളെ നിയമിക്കകയും ഇവർക്ക് കാർഡുകൾ നൽകിയിട്ടുള്ളതുമാണ്. സമീപ പ്രദേശങ്ങളിൽ അംഗീകൃത തൊഴിലാളികളാണ് കയറ്റിറക്ക് ജോലികൾ നടത്തുന്നത്. മെഡിക്കൽ കോളജ്, ചെറുതോണി, വെള്ളാപ്പാറ, പൈനാവ്, ചെറുതോണി, ഇടുക്കി, തടിയംപാട്, കരിമ്പൻ, വാഴത്തോപ്പ് തുടങ്ങിയ മേഖലകളിലുള്ള എല്ലാ തൊഴിലാളികൾക്കും കാർഡ് നൽകിയിട്ടുണ്ട്. കാർഡ് ലഭിച്ചവരാണ് എല്ലായിടത്തും കയറ്റിറക്ക് ജോലികൾ നടത്തുന്നത്. കീഴ്വഴക്കം ലംഘിച്ച് ആലിൻചുവട്ടിൽ മാത്രം പുതിയ തൊഴിലാളികളെ ഇറക്കിയാൽ മറ്റ് സ്ഥലങ്ങളിലേയ്ക്കും തർക്കം വ്യാപിക്കുമെന്നും തൊഴിലാളികളും യൂണിയൻ നേതാക്ക•ാരും പറയുന്നു. ലേബർ ഓഫീസറുടെ നേതൃത്വത്തിൽ രണ്ടു തവണ ചർച്ച നടത്തിയെങ്കിലും പ്രശ്നം പരിഹരിച്ചില്ല. ഭരണ കക്ഷി യൂണിയനാണ് പുതിയ തൊഴിലാളികളെ ഇറക്കണമെന്നാവശ്യപ്പെട്ടിരിക്കുന്നത്. നിലവിലുള്ള തൊഴിലാളികളും മറ്റ് യൂണിയൻ തോക്ക•ാരും ഇതംഗീകരിക്കുന്നില്ല. ഇതിനിടെ കരാറുകാരൻ കരാർ ഉപേക്ഷിക്കാനുള്ള നീക്കവും നടത്തുന്നുണ്ട്. റോഡ് നിർമാണം നിന്നുപോയാൽ ചെറുതോണി ടൗണിന്റെ വികസനമാണ് വഴിമുട്ടുന്നത്. ടൗണിൽ വാഹനങ്ങൾ പാർക്കുചെയ്യാനും ഇപ്പോൾ ബുദ്ധിമുട്ടുകയാണ്. റോഡിന്റെ നിർമാണം തുടരണമെങ്കിൽ ഇനി കോടതിയെ സമീപിക്കുമെന്ന് കരാറുകാരൻ പറയുന്നു. സിമന്റ് ടാങ്കർ ലോറിയിൽ എത്തിച്ച് പമ്പ് ചെയ്താൽ തൊഴിലാളികളുടെ സഹായം ആവശ്യമില്ല. ഇപ്പോൾ തന്നെ ജോലികൾ കുറവുള്ള സാഹചര്യത്തിൽ ഉള്ള ജോലി തൊഴിൽ തർക്കം മൂലം നഷ്ടപ്പെടുന്ന അവസ്ഥയിലാണ്. കൂടുതൽ തൊഴിലാളികളെ കരാറുകാരൻ ആവശ്യപ്പെട്ടതാണ് തടസമെന്ന വാദം മറ്റ് യൂണിയൻ പ്രതിനിധികൾ നിഷേധിച്ചിരിക്കുകയാണ്. ചെറുതോണി- ആലിൻചുവട് റോഡിന്റെ നിർമാണം തൊഴിൽ തർക്കം മൂലം വൈകിപ്പിക്കുന്നതിനെതിരെ നാട്ടുകാരും വ്യാപാരികളും യാത്രക്കാരും പ്രതിഷേധിച്ചു.