 
മറയൂർ: മറയൂരിലെ ചന്ദന സംരക്ഷണവേലി വന്യജീവികൾക്ക് സ്ഥിരം വയ്യാവേലിയാകുന്നു. ഒരു മ്ലാവ് ഉൾപ്പെടെ ഒരാഴ്ചയ്ക്കിടെ മൂന്ന് മൃഗങ്ങളാണ് വനംവകുപ്പിന്റെ വേലിയിൽ കുരുങ്ങിയത്. നാട്ടിൽ നിന്നുള്ള മോഷ്ടാക്കൾ കാട്ടിലേക്ക് കയറാതിരിക്കാനും കാട്ടിൽ നിന്ന് വന്യജീവികൾ നാട്ടിലിറങ്ങാതിരിക്കാനുമാണ് വനംവകുപ്പ് ലക്ഷങ്ങൾ ചെലവഴിച്ച് ഇരുമ്പ് വലയുള്ള വേലി നിർമ്മിച്ചിരിക്കുന്നത്. എന്നാൽ വലയിൽ വീഴുന്ന മൃഗങ്ങളെ രക്ഷിക്കേണ്ട ബാധ്യതയും നാട്ടുകാർക്ക് വന്ന് ചേരുകയാണ്. ഇന്നലെ വലയിൽ കുരുങ്ങിയ മ്ലാവിനെ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ നിന്ന് രക്ഷിച്ചത് നാട്ടുകാരാണ്. ഇതിന് മുമ്പ് വലയിൽ വീണത് കുരങ്ങും പാറാനുമായിരുന്നു. പാറാനെ നാട്ടുകാർ രക്ഷപ്പെടുത്തിയെങ്കിലും കുരങ്ങിന്റെ ജീവൻ വലയിൽ പൊലിയുകയായിരുന്നു. മ്ലാവിനെ ആക്രമിച്ച നായ്ക്കളെ തുരത്തിയ നാട്ടുകാർ വനംവകുപ്പ് ഓഫീസിൽ വിവരം അറിയിച്ചു. വനപാലകരെത്തി ഏറെ നേരം പരിശ്രമിച്ചാണ് കുരുക്ക് മുറിച്ചുമാറ്റി മ്ലാവിനെ മോചിപ്പിച്ചത്. ഇതേ സ്ഥലത്തുതന്നെയാണ് കുരങ്ങും പാറാനും കുരുങ്ങിയത്.
കൊമ്പ് കുരുങ്ങിയ കാട്ടുപോത്തുകളെ രക്ഷിച്ചു
മറ്റൊരിടത്ത് നാട്ടിലിറങ്ങി പരസ്പരം ഏറ്റുമുട്ടിയ കാട്ടുപോത്തുകളെ രക്ഷിച്ചതും നാട്ടുകാരാണ്. കോട്ടഗിരി വനമേഖലയിൽ നിന്ന് സമീപത്തെ തേയിലതോട്ടത്തിൽ ഇറങ്ങിയ രണ്ട് പോത്തുകളാണ് ഏറ്റുമുട്ടിയത്. കൊമ്പുകൾ കോർത്ത് ഇരുവരും വെട്ടിലായി. ഒരു മണിക്കൂറോളം അതേനിലയിൽ തുടർന്നിട്ടും കുരുക്കഴിച്ച് രക്ഷപ്പെടാനായില്ല. പിന്നീട് വിവരം അറിഞ്ഞെത്തിയ തോട്ടം തൊഴിലാളികളാണ് പടക്കം പൊട്ടിച്ചും ബഹളമുണ്ടാക്കി വിരട്ടിയുമൊക്കെ ഇവയെ രക്ഷിച്ചത്.