തൊടുപുഴ: കോട്ടപ്പാറയുടെ വിനോദസഞ്ചാര വികസനത്തിന് വിലങ്ങുതടിയായി വനംവകുപ്പ് രംഗത്ത്. ഇടുക്കിയുടെ വിനോദസഞ്ചാര ഭൂപടത്തിൽ സമീപകാലത്ത് ഇടംപിടിച്ച സ്ഥലമാണ് വണ്ണപ്പുറം പഞ്ചായത്തിലെ കോട്ടപ്പാറ. നവംബർ മുതൽ ജനുവരി വരെയുള്ള മാസങ്ങളിൽ സൂര്യോദയവും കോടമഞ്ഞ് പുതച്ച താഴ്വരയുടെ ദൃശ്യഭംഗിയും ചേർന്നുള്ള പ്രകൃതിവിസ്മയമാണ് നാടിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികളെ ഇവിടേക്ക് ആകർഷിച്ചിരുന്നത്. പുലർച്ചെ നാലര മുതൽ രാവിലെ 7 വരെ മാത്രമാണ് ഈ കാഴ്ചയുടെ ദൗർഘ്യം. ചെങ്കുത്തായ പാറക്കെട്ടുകൾ നിറഞ്ഞ പ്രദേശത്ത് സ്വയം സുരക്ഷയൊരുക്കിയെത്തുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള സഞ്ചാരികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരികയായിരുന്നു. തൊടുപുഴ, മൂവാറ്റുപഴ, കോതമംഗലം, എറണാകളും പ്രദേശങ്ങളിൽ നിന്നുള്ളവരാണ് സഞ്ചാരികളിലേറെയും. തലേ ദിവസമെത്തി മലമുകളിൽ ടെന്റ്കെട്ടി താമസിക്കുന്നവരുമുണ്ട്. ചുരുങ്ങിയകാലം കൊണ്ട് സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് കോട്ടപ്പാറ ഇത്രയേറെ അറിയപ്പെട്ടത്. സഞ്ചാരികളുടെ ഒഴുക്ക് വർദ്ധിച്ചതോടെ ഇവിടെ സുരക്ഷാവേലിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമൊരുക്കുന്നതിന് വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് പദ്ധതികൾ ആവിഷ്കരിക്കുന്നതിനിടെയാണ് വനംവകുപ്പിന്റെ അപ്രതീക്ഷിത നീക്കം ഉണ്ടിയിരിക്കുന്നത്. കാഴ്ചക്കാർ തമ്പടിക്കുന്ന പാറക്കെട്ട് വനംവകുപ്പിന്റെ അധീനതയിലാണെങ്കിലും ഇതിന്റെ സമീപപ്രദേശങ്ങൾ സ്വകാര്യ വ്യക്തികളുടെ കൃഷിഭൂമിയാണ്.
കോട്ടപ്പാറയിൽ അന്യമാകുന്ന കാഴ്ചകൾ
കിഴക്കൻ ചക്രവാളത്തിൽ പൊട്ടിവിരിയുന്ന വെള്ളിവെളിച്ചമാണ് ഇവിടുത്തെ ആദ്യവിസ്മയം. മലമടക്കുകളെ തഴുകിത്തലോടിയെത്തുന്ന സൂര്യകിരണങ്ങൾ സഹ്യന്റെ താഴ്‌വരയിലേക്ക് പതിക്കുന്നതോടെ വിസ്മയക്കാഴ്ചയുടെ അടുത്തഘട്ടമാകും. കണ്ണെത്താദൂരം കടലുപോലെ പരന്നുകിടക്കുന്ന കോടമഞ്ഞ് ചിലപ്പോഴത് തിരമാലകൾപോലെ അലയടിച്ച് നീങ്ങുന്നതും കാണാം. പ്രഭാതസൂര്യന്റെ കിരണങ്ങൾക്ക് കാഠിന്യമേറിവരുന്നതോടെ മഞ്ഞുപാളിയുടെ കനംകുറഞ്ഞ് താഴ്‌വരയിലെ കാർഷിക ഗ്രാമങ്ങളിൽ തലയെടുപ്പുള്ള കുന്നുകൾ ചെറിയ തുരുത്തുകളായി പ്രത്യക്ഷപ്പെട്ടുതുടങ്ങും. ഏതാണ്ട് ഏഴുമണിയോടെ മഞ്ഞുപാളികൾ പൂർണ്ണമായും അപ്രത്യക്ഷമായി ഇടനാടിന്റെ പൂർണത ആകാശക്കാഴ്ചപോലെ ദൃശ്യമാകുന്നതോടെ കോട്ടപ്പാറയിൽ നിന്ന് സഞ്ചാരികൾ മടങ്ങും. വീട്ടിൽ കട്ടൻകാപ്പി തിളപ്പിച്ച് ഫ്ലാസ്കിലാക്കി ലഘുഭക്ഷണവും പൊതിഞ്ഞെടുത്ത് കോട്ടപ്പാറയിലെത്തി, അവിടുത്തെ കാഴ്ചയും ആസ്വദിച്ച് പ്രഭാതഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്ന മലയാളി കുടുംബങ്ങളുടെ എണ്ണവും ഏറിവരുന്നതിനിടെയാണ് വനംവകുപ്പ് എതിർപ്പുമായി വന്നിരിക്കുന്നത്.
പഞ്ചായത്ത് വകയിരുത്തിയത് 10 ലക്ഷംരൂപ
കോട്ടപ്പാറയിൽ സുരക്ഷാവേലി നിർമ്മിക്കുന്നതിനും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കുമായി വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് 2018-19 സാമ്പത്തിക വർഷം ഇക്കോ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ വകയിരുത്തുന്നത് സംബന്ധിച്ച് ഇന്ന് ചേരുന്ന വികസനസമിതിയോഗം ചർച്ചചെയ്യാൻ ഇരിക്കെയാണ് വനംവകുപ്പിന്റെ നടപടി. പഞ്ചായത്തിലെ കാറ്റാടിക്കടവ്, മീനുളിയാൻപാറ, ആനചാടി, നെയ്പ്പുത്തനാർ വെള്ളച്ചാട്ടങ്ങൾ തുടങ്ങിയ വിനോദസഞ്ചാരമേഖലയുടെ വിസകനത്തിനും ഈ വർഷം പരിഗണന നൽകിയിരുന്നു. കാറ്റാടിക്കടവിലേക്ക് നേരത്തെ പത്തുലക്ഷത്തോളം രൂപ ചെലവഴിച്ച് റോഡ് നിർമ്മിച്ചുകഴിഞ്ഞപ്പോൾ വനംവകുപ്പിൽ നിന്നുള്ള എതിർപ്പുമൂലം പദ്ധതി അവതാളത്തിലായെന്നും വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എച്ച്. അസീസ് പറഞ്ഞു.