തൊടുപുഴ: മുട്ടം ജില്ലാജയിൽ 27 മുതൽ തടവുകാരം പാർപ്പിക്കും. രാവിലെ 11 ന് ജയിൽ ഡിജിപി ആർ.ശ്രീലേഖയുടെ നേതൃത്വത്തിൽ പുതിയ ജയിലിന്റെ പ്രവർത്തനം ആരംഭിക്കും. രണ്ട് വർഷം മുമ്പ് ചടങ്ങിനുവേണ്ടി ഉദ്ഘാടനം നടത്തിയെങ്കിലും നിർമ്മാണം പൂർത്തിയാകാത്തിനാൽ പ്രവർത്തനം ആരംഭിച്ചിരുന്നില്ല.
225 പുരുഷന്മാരെയും 35 വനിതകളെയും പാർപ്പിക്കാൻ സ്ഥലസൗകര്യം ഉണ്ടെങ്കിലും ആദ്യഘട്ടത്തിൽ 20 തടവുകാരെയാണ് പാർപ്പിക്കുന്നത്. പിന്നീട് ദേവികുളം, പീരുമേട്, ഇടുക്കി സബ് ജയിലുകളിൽ നിന്നുള്ള അധിക തടവുകാരെ ഘട്ടം ഘട്ടമായി ഇവിടേക്ക് മറ്റും. ജീവനക്കാരുടെ ക്വാട്ടേഴ്‌സിന്റെ നിർമാണവും അവസാന ഘട്ടത്തിലാണ്. ഉദ്ഘാടനം കഴിഞ്ഞിട്ട് രണ്ട് വർഷമായിട്ടും പ്രവർത്തനം തുടങ്ങാതിരുന്നത് സംബദ്ധിച്ച് വ്യാപകമായ ആക്ഷേപം ഉയർന്നിരുന്നു. മുവാറ്റുപുഴയിലും ഇടുക്കി ജില്ലയുടെ വിവിധ ജയിലുകളിലുമുള്ള തടവുകാരെ ജില്ലാ കോടതിയിൽ വിചാരണക്ക് കൊണ്ടുവരുന്നത് സർക്കാരിന് വൻസാമ്പത്തിക ബാധ്യതയും വരുത്തിയിരുന്നു. ഇത് കൂടാതെ ഇത്രയും ദൂരം യാത്ര ചെയ്ത് തടവുകാരെ കോടതിയിൽ കൊണ്ടുവന്ന് തിരികെ കൊണ്ടുപോകുന്നത് പൊലീസുകാർക്ക് ഏറെ ദുഷ്കരവുമായിരുന്നു. ജില്ലയിലെ വിവിധ ജയിലുകളിൽ നിന്നുള്ള പ്രതികളെ ജില്ലാ കോടതിയിലേക്ക് കൊണ്ടുവരുന്നവഴി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട് . മുട്ടത്ത് കോടതി സമുച്ചയത്തിനടുത്ത് ജില്ലാ ജയിൽ പ്രവർത്തനം ആരംഭിക്കുന്നതോടെ ഇത്തരം പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാകും. ജയിലും കോടതിയുമായുള്ള അകലം 100 മീറ്റർ മാത്രമാണ്. 29 ജീവനക്കാരുടെ തസ്തിക സർക്കാർ അംഗീകരിച്ചെങ്കിലും സൂപ്രണ്ട് ഉൾപ്പടെ വിവിധ ജയിലുകളിൽ നിന്നുള്ള 20 പേർ
ഇവിടെ ചുമതലയേറ്റു. ജയിലിന്റെ ആവശ്യത്തിലേക്ക് മാത്രമായി കെ.എസ്.ഇ.ബി പുതിയ ഒരു ട്രാൻസ്‌ഫോമറും സ്ഥാപിച്ചു. വാട്ടർ അതോറിറ്റിയുടെ കുടിവെള്ളത്തിന് പുറമെ മാത്തപ്പാറയിൽ കിണർ കുഴിച്ച് മലങ്കര ഡാമിൽ നിന്നും വെള്ളം സംഭരിച്ച് ജയിലിൽ എത്തിക്കുന്നതിനുള്ള പ്രവർത്തികളും പൂർത്തിയായി .