തൊടുപുഴ: മൂലമറ്റത്ത് സാമൂഹ്യവിരുദ്ധരുടെ ശല്യം വർദ്ധിക്കുന്നു. കഴിഞ്ഞദിവസം റോഡരുകിൽ പാർക്കുചെയ്തിരുന്ന വാഹനങ്ങളുടെ സീറ്റുകൾ കുത്തിക്കീറിയാണ് അക്രമിസംഘം വിളയാട്ടം നടത്തിയത്. മൂലമറ്റത്തിന് സമീപം കൊച്ചുകണ്ണിക്കലിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. മിറ്റത്താനിക്കൽ എം.എസ്. അനന്ദു, എം.എസ്. സജി, ഊരാളിക്കുന്നേൽ ജോബിൻ വിൻസന്‍റ്, കാവുങ്കൽ അനന്ദു അജി എന്നിവരുടെ ഇരുചക്ര വാഹനങ്ങളുടേയും പുത്തേട് തങ്കന്‍റെ ഓട്ടോറിക്ഷയുടേയും സീറ്റുകളാണ് നശിപ്പിച്ചത്. മൂർച്ചയുള്ള ആയുധമുപയോഗിച്ചാണ് സീറ്റുകൾ കീറിയിരിക്കുന്നത് . വാഹന ഉടമകളുടെ പരാതിയെ തുടർന്ന് കാഞ്ഞാർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഒരാഴ്ച മുമ്പ് രാത്രി ഇതേ സ്ഥലത്ത് കണ്ണിക്കൽ രാജു എന്നയാളുടെ പെട്ടിക്കട ദുരൂഹസാഹചര്യത്തിൽ കത്തിനശിച്ചിരുന്നു. പ്രദേശത്ത് സമീപകാലത്തായി സമൂഹവിരുദ്ധരുടെ ശല്യം വർധിച്ചതായി നാട്ടുകാർ പറഞ്ഞു.