kk
പൂപ്പാറ എസ്.വളവിൽ ഒറ്റയാന്റെ ആക്രമണത്തിൽ തകർന്ന ഓട്ടോറിക്ഷ.

രാജാക്കാട്: പൂപ്പാറ മൂലത്തറയ്ക്ക് സമീപം എസ് വളവിൽ തൊഴിലാളികളുമായി വന്ന ഓട്ടോറിക്ഷയ്ക്ക് നേരെ കാട്ടാനയുടെ ആക്രമണം. വാഹനത്തിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപെട്ടു. ഓട്ടോറിക്ഷ പൂർണമായും തകർത്തു. ആനയിറങ്കൽ സ്റ്റാന്റിലെ മണി എന്നയാളുടെ വാഹനമാണ് ആന തകർത്തത്. ഇന്നലെ വൈകിട്ട് മൂന്നരയോടെ ആനയിറങ്കലിൽ നിന്നും പണികഴിഞ്ഞ രണ്ട് തൊഴിലാളികളുമായി കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലൂടെ പൂപ്പാറയ്ക്ക് പോകുകയായിരുന്ന ഓട്ടോയ്ക്ക് നേരെയാണ് മുടിവാലൻ കൊമ്പൻ എന്ന് അറിയപ്പെടുന്ന ഒറ്റയാന്റെ ആക്രമണം. കൊടും വളവിൽ റോഡിൽ ഇറങ്ങിനിന്ന ആന വാഹനത്തിന് നേർക്ക് പാഞ്ഞടുക്കുകയായിരുന്നു. ഡ്രൈവർ മണി അപകടം മനസിലാക്കുകയും എല്ലാവരോടും ഇറങ്ങി രക്ഷപെട്ടുകൊള്ളാൻ പറഞ്ഞ് ഓട്ടോ നിർത്തി പുറത്തിറങ്ങുകയും ചെയ്തു. തുടർന്ന് എല്ലാവരും ദൂരേയ്ക്ക് ഓടിമാറി. അടുത്തെത്തിയ ആന വാഹനം കുത്തി റോഡരികിൽ മറിച്ചിട്ടശേഷം ചവിട്ടി തകർക്കുകയുമായിരുന്നു. ഇരുഭാഗത്തുനിന്നും മറ്റ് വാഹനങ്ങൾ എത്തുകയും ആളുകൾ ബഹളം വയ്ക്കുകയും ചെയ്തതോടെ ആന സമീപത്തെ ഏലത്തോട്ടത്തലേയ്ക്ക് പിൻമാറി. സംഭവമറിഞ്ഞ് എത്തിയവർ വനപാലകരെ വിളിച്ച് വിവരം പറഞ്ഞെങ്കിലും സ്ഥലത്ത് എത്തുന്നതിനൊ, ആനയെ റോഡിന്റെ പരിസരത്തുനിന്നും മാറ്റുന്നതിനൊ തയ്യാറായില്ലെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. രാപകൽ വ്യത്യാസം കൂടാതെ ദിവസവും ഇതുവഴി കടന്നുപോകുന്ന ആയിരക്കണക്കിന് വാഹനങ്ങൾക്കും യാത്രക്കാർക്കും കാട്ടാനകൾ വലിയ ഭീഷണിയാണ്. വിനോദ സഞ്ചാര സീസൺ അടുത്തെത്തിയ സാഹചര്യത്തിൽ ഇവയെ ഉൾവനത്തലേയ്ക്ക് തുരത്തുന്നതിനും, അത്യന്തം അക്രമണകാരിയായ മുടിവാലൻ കൊമ്പനെ പിടികൂടി പ്രദേശത്തുനിന്നും നീക്കം ചെയ്യുന്നതിനും വനംവകുപ്പും സർക്കാരും അടിയന്തിരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.