കുമളി: ശബരിമല സീസൺ ആരംഭിച്ചിട്ടും അയ്യപ്പഭക്തരുടെ പ്രധാന ഇടത്താവളമായ കുമളിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമായില്ല. മുൻവർഷങ്ങളിൽ സീസൺ ആരംഭിക്കുന്നതിന് മുമ്പുതന്നെ വിവിധവകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് തീരുമാനങ്ങൾ എടുക്കുകയും കാര്യമായ മുന്നൊരുക്കങ്ങൾ നടത്തുകയും ചെയ്യുമായിരുന്നു. പൊലീസ്, എക്സൈസ്, മോട്ടോർ വാഹനവകുപ്പ്, വനംവകുപ്പ്, ആരോഗ്യവകുപ്പ്, കെ.എസ്.ആർ.ടി.സി, പഞ്ചായത്ത്, അളവ് തൂക്ക വിഭാഗം, ഡ്രൈവേഴ്സ് യൂണിയൻ തുടങ്ങി എല്ലാവരുടെയും പങ്കാളിത്തത്തോടെയാണ് ശബരിമല സീസണിലെ സൗകര്യങ്ങൾ ക്രമീകരിച്ചിരുന്നത്. കുടിവെള്ളം, വിരിവയ്ക്കുന്നതിനുള്ള സംവിധാനം, ഗതാഗതകുരുക്ക് പരിഹരിക്കുന്നതിനുള്ള മാർഗങ്ങൾ, വഴിവിളക്കുകൾ സ്ഥാപിക്കുക, ശൗചാലയങ്ങൾ തുടങ്ങിയവയാണ് തീർത്ഥാടകരുടെ അടിസ്ഥാന ആവശ്യങ്ങൾ. എന്നാൽ ഇത്തവണ ഉദ്യോഗസ്ഥ തലത്തിൽ യോഗം ചേർന്ന് തീരുമാനം എടുത്തതല്ലാതെ മണ്ഡലകാലം ആരംഭിച്ചിട്ടും ഒന്നും നടപ്പിലാക്കിയില്ല. തമിഴ്നാട്, അന്ധ്രാപ്രദേശ്, കർണ്ണാടക സംസ്ഥാനങ്ങളിൽ നിന്നുമുള്ള ആയിരക്കണക്കിന് അയ്യപ്പഭക്തരാണ് കുമളി വഴി കടന്നു പോകുന്നത്. സീസണിൽ ഗതാഗത കുരുക്ക് നിയന്ത്രിക്കുന്നതിന് തമിഴ്നാട് ട്രാൻസ്പോർട്ട് വകുപ്പിന്റെ പഴയ ഡിപ്പോ ഉപയോഗിക്കുന്നതിന് അവരുമായി ചർച്ച നടത്തുമെന്ന് അറിയിച്ചെങ്കിലും തുടർ നടപടി ഉണ്ടായിട്ടില്ല. പ്രാഥമിക ആവശ്യങ്ങൾക്കായി ശുചിമുറി ഒരുക്കുന്നതിലും പഞ്ചായത്ത് അധികൃതർ പരാജയപ്പെട്ടു. കെ.എസ്.ആർ.ടി.സി ഡിപ്പോയിക്ക് സമീപമുള്ള ഇ- ടോയിലറ്റ് സംവിധാനം മാത്രമാണ് പ്രവർത്തിക്കുന്നത്. കുമളി ബസ് സ്റ്റാന്റിന് സമീപത്തെ ശൗചാലയം വൃത്തിഹീനമാണ്. സീസണിൽ താത്കാലിക മെഡിക്കൽ ക്യാമ്പുകൾ ആരംഭിക്കുമെന്ന ആരോഗ്യ വകുപ്പിന്റെ പ്രഖ്യാപനവും പാഴ്‌വാക്കായി. തീർത്ഥാടകർക്ക് സൗകര്യം ഒരുക്കുന്നതിന് അടിയന്തര നടപടി ഉണ്ടാകണമെന്ന് അയ്യപ്പസേവാസംഘം, ക്ഷേത്രസംരക്ഷണസമിതി, വിശ്വഹിന്ദുപരിഷത്ത് തുടങ്ങി വിവിധ ഹൈന്ദവ സംഘടനകൾ അവശ്യപ്പെട്ടു.