തൊടുപുഴ: വർഷങ്ങളായി ജനങ്ങളുടെ നടുവൊടിക്കുന്ന മുള്ളരിങ്ങാട്- വണ്ണപ്പുറം റോഡ് അടുത്ത കൊലത്തെങ്ങാനും നന്നാക്കുമോ... ചോദിക്കുന്നത് തീരാദുരിതം അനുഭവിക്കുന്ന പ്രദേശവാസികളാണ്. റോഡ് തകർന്നിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും നന്നാക്കുന്ന കാര്യത്തിൽ അധികൃതർക്ക് ഒരു കുലുക്കവുമില്ല. നാട്ടുകാരുടെ നേതൃത്വത്തിൽ വകുപ്പുമന്ത്രിക്കും മറ്റ് ജനപ്രതിനിധികൾക്കും നിരവധി പരാതികൾ നൽകിയെങ്കിലും ഒരു കാര്യവുമുണ്ടായില്ല. വണ്ണപ്പുറത്ത് നിന്ന് ആറു കിലോമീറ്റർ ദൂരമുള്ള ഈ റൂട്ടിൽ ഒരു കെ.എസ്.ആർ.ടി.സി ബസ് മാത്രമാണ് സർവീസ് നടത്തുന്നത്. അതാകട്ടെ പല ദിവസങ്ങളിലും ഓടാറില്ല. ബസ് ഇല്ലാത്തപ്പോൾ ഈ മേഖലയിലുള്ള വിദ്യാർത്ഥികളടക്കമുള്ള യാത്രക്കാർ അമിത കൂലി നൽകി ട്രിപ്പ് ജീപ്പുകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ വഴി പൂർണമായും തകർന്നതോടെ ട്രിപ്പ് ജീപ്പുകാരും ഇതുവഴി ഓട്ടംവരാൻ തയ്യാറാകാത്ത സ്ഥിതിയാണ്. അനേകം വളവുകളും കയറ്റവും ഇറക്കവുമുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞതോടെ പല വാഹനങ്ങളും ഇതുവഴിയുള്ള സഞ്ചാരം നിറുത്തി. റോഡിനിരുവശവും കാനകളില്ലാത്തതിനാൽ ചെറിയ മഴ പെയ്താൽ റോഡിൽ വെള്ളക്കെട്ടുണ്ടാകും. വെള്ളം നിറഞ്ഞ് കുഴികൾ തിരിച്ചറിയാതെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടാറുണ്ട്. റോഡിന്റെ വശങ്ങളിലുള്ള കട്ടിങ്ങിൽ വീണും പല വാഹനങ്ങളും അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്.

പ്രദേശത്തെ റോഡുകളെല്ലാം തകർന്ന് തന്നെ

കൊച്ചി- മധുര സംസ്ഥാനപാതയുടെ ഭാഗമായ വണ്ണപ്പുറം മുതൽ വെൺമണി വരെയുള്ള റോഡിന്റെ അവസ്ഥയും ദയനീയമാണ്. തൊടുപുഴ- വണ്ണപ്പുറം- തൊമ്മൻകുത്ത് റോഡ്, നെയ്യശേരി- തോക്കുമ്പൻ സാഡൽ റോഡ്, വെള്ളക്കയം- ചാത്തമറ്റം റോഡ് എന്നിവയും തകർന്ന നിലയിലാണ്. തകർന്ന റോഡുകൾ എത്രയും വേഗം അറ്റകുറ്റപ്പണികൾ നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം നാട്ടുകാർക്കിടയിൽ ശക്തമാണ്.

''മുള്ളരിങ്ങാട്- വണ്ണപ്പുറം റോഡിന് നാല് കോടി രൂപ അുവദിച്ചിട്ടുണ്ട്. ടെണ്ടർ നടപടികൾ പൂർത്തീകരിക്കുന്നതിനുസരിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും""

- പി.‌ഡബ്ല്യു.ഡ‌ി അസി. എൻജിനിയർ,​ കരിമണ്ണൂർ