students
വിദ്യാർത്ഥികൾ നിർമ്മാണപ്രവർത്തനങ്ങൾക്കിടയിൽ

അടിമാലി: പ്രളയബാധിതരായ സഹപാഠികൾക്ക് പല സ്കൂൾ വിദ്യാർത്ഥികളും സാമ്പത്തികമായും മറ്റും പല രീതിയിൽ സഹായങ്ങൾ ചെയ്യുന്നുണ്ട്. എന്നാൽ അടിമാലി സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂൾ വിദ്യാർത്ഥികളുടെ സഹായം കുറച്ച് വ്യത്യസ്തമാണ്. പ്രളയത്തിൽ വീട്ടുപകരണങ്ങൾ നഷ്ടപ്പെട്ട ചങ്ങാതിമാർക്ക് സ്വന്തമായി മേശയും കസേരകളും നിർമ്മിച്ച് നൽകി വിദ്യാർത്ഥികൾ ഞങ്ങൾ വേറെ ലെവലാണെന്ന് തെളിയിച്ചു. അഞ്ച് ചങ്ങാതിമാരുടെ വീടുകളിലേക്ക് വേണ്ടുന്ന മേശകളും കസേരകളും ഇവർ സ്‌കൂൾ വർക്‌ഷോപ്പിൽ സ്വന്തമായി നിർമ്മിച്ചെടുത്തു. മേശകൾക്കും കസേരകൾക്കും ഒപ്പം പുതുപുത്തൻ കിടക്കകളും വിദ്യാർത്ഥികൾ സഹപാഠികൾക്ക് എത്തിച്ചു നൽകി. വിദ്യാലയത്തിലെ ഇരുപത്തഞ്ചോളം വരുന്ന അദ്ധ്യാപകരും അനദ്ധ്യാപകരും സ്വന്തം നിലയിൽ കണ്ടെത്തിയ അരലക്ഷത്തോളം രൂപ മുടക്കിയാണ് പദ്ധതി വിജയിപ്പിച്ചത്. അനുവാദം നൽകുകയും സാധന സാമഗ്രികൾ ലഭ്യമാക്കുകയും ചെയ്താൽ ആവശ്യക്കാരായ നിർദ്ധനർക്ക് മേശയും കസേരയും പോലുള്ള വസ്തുക്കൾ ഇനിയും നിർമ്മിച്ച് നൽകാൻ തയ്യാറാണെന്നും ഈ മിടുക്കന്മാർ പറഞ്ഞു.