strike
പണിമുടക്കിനെ തുടർന്ന് അടിമാലി ബസ് സ്റ്റാൻഡിൽ ബസ് കാത്ത് നിൽക്കുന്നവർ

അടിമാലി: സ്റ്റോപ്പെത്തുന്നതിന് തൊട്ട് മുമ്പ് ബസിൽ നിന്ന് യാത്രക്കാരിയെ ഇറക്കിയ സംഭവവുമായി ബന്ധപ്പെട്ട വാക്ക് തർക്കം സംഘർഷത്തിൽ കലാശിച്ചു. ഞായറാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം നടന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് വാളറ സ്വദേശിനിയെ സ്റ്റോപ്പെത്തുന്നതിന് മുമ്പ് ബസിൽ നിന്ന് ഇറക്കിവിട്ടെന്ന് ആരോപിച്ച് ഏതാനും ആളുകൾ ചേർന്ന് അടിമാലി പത്താംമൈലിൽ സ്വകാര്യ ബസ് തടഞ്ഞു. വാക്ക് തർക്കം പിന്നീട് സംഘർഷത്തിൽ കലാശിച്ചു. ഒരുപറ്റം ആളുകൾ ചേർന്ന് ബസിനുള്ളിൽ കയറി തന്നെ തൊഴിച്ച് പുറത്തിട്ടുവെന്നും മുക്കാൽ മണിക്കൂറോളം റോഡിലിട്ട് മർദ്ദിച്ചുവെന്നും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബസ് ഡ്രൈവർ കോതമംഗലം കുറുപ്പുംപടി സ്വദേശി ജിബി പറഞ്ഞു. ആക്രമണത്തിൽ ബസ് കണ്ടക്ടർക്കും ബസിലുണ്ടായിരുന്ന മറ്റൊരു ജീവനക്കാരനും പരിക്കേറ്റു. ഇരുവരും അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. തന്റെ ഒന്നര പവൻ വരുന്ന മാലയും കൈവശമുണ്ടായിരുന്ന പണവും ആക്രമണത്തിനിടയിൽ നഷ്ടമായതായി കണ്ടക്ടർ കോതമംഗലം സ്വദേശി വിനീത് പറഞ്ഞു. അക്രമത്തിന് നേതൃത്വം നൽകിയെന്നു കരുതുന്ന നാല് പേരെ അടിമാലി പൊലീസ് കസ്റ്റഡിയിലെടുത്തു. പത്താംമൈൽ സ്വദേശികളായ നജീബ്, നവാസ്, മധു, ജയൻ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. പൊലീസ് ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഘർഷത്തിനിടയിൽ നിയന്ത്രണം നഷ്ടമായ ബസ് മുമ്പോട്ട് ഉരുണ്ട് റോഡരികിൽ നിറുത്തിയിട്ടിരുന്ന മറ്റ് രണ്ട് വാഹനങ്ങളിൽ ഇടിച്ചിരുന്നു. ജീവനക്കാർക്കെതിരെ ഉണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് അടിമാലി മേഖലയിൽ സ്വകാര്യ ബസ് ജീവനക്കാർ പണിമുടക്ക് നടത്തി. അപ്രതീക്ഷിതമായി ഉണ്ടായ പണിമുടക്കിൽ അടിമാലിയിലെത്തിയ യാത്രക്കാർ വലഞ്ഞു.