ചക്കുപള്ളം: കുമളി ചക്കുപള്ളം ശ്രീനാരായണധർമ്മാശ്രമത്തിൽ നിന്നുള്ള കിഴക്കൻമേഖല ശിവഗിരി തീർത്ഥാടന പദയാത്രയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി ചെയർമാൻ ടി.വി. രാജേന്ദ്രൻ, കൺവീനർ പി.എൻ. രവിലാൽ എന്നിവർ അറിയിച്ചു. ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് അംഗം സ്വാമി ഗുരുപ്രകാശ് നേതൃത്വം നൽകുന്ന പദയാത്ര ഡിസംബർ 21ന് ചക്കുപള്ളം ആശ്രമത്തിൽ നിന്ന് പുറപ്പെട്ട് 29ന് വൈകിട്ട് ഏഴിന് ശിവഗിരി മഹാസമാധി മണ്ഡപത്തിൽ സമാപിക്കും. 21ന് രാവിലെ എട്ടിന് ചക്കുപള്ളം ആശ്രമത്തിൽ നിന്ന് പുറപ്പെട്ട് 10ന് അണക്കര, ഒന്നിന് പുറ്റടി, വൈകിട്ട് നാലിന് ആമയാർ വഴി 5.30ന് ചേറ്റുകുഴിയിൽ സമാപിക്കും. തുടർന്ന് നടക്കുന്ന തീർത്ഥാടന വിളംമ്പരസമ്മേളനം ആലുവാ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ ഉദ്ഘാടനം ചെയ്യും. മലനാട്, നെടുങ്കണ്ടം യൂണിയൻ ഭാരവാഹികൾ പങ്കെടുക്കും. 22ന് പോത്തിൻകണ്ടം, അന്യാർതൊളും, പുളിയന്മല, പാറക്കടവ്, കട്ടപ്പന ഗുരുദേവകീർത്തിസ്തംഭം, നരിയമ്പാറ വഴി കാഞ്ചിയാറ്റിൽ സമാപിക്കും. ഉച്ചയ്ക്ക് 3.30ന് ഗുരുദേവ കീർത്തിസ്തംഭത്തിൽ എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയന്റെ നേതൃത്വത്തിൽ പദയാത്രയ്ക്ക് സ്വീകരണം നൽകും. 23ന് തൊപ്പിപ്പാള, കോവിൽമല, ആലടി, ചപ്പാത്ത്, ചീന്തലാർ, ചിന്നാർ വഴി ഏലപ്പാറയിൽ സമാപിക്കും. തുടർന്ന് നടക്കുന്ന തീർത്ഥാടന വിളംമ്പരസമ്മേളനത്തിൽ പീരുമേട് യൂണിയൻ ഭാരവാഹികൾ പങ്കെടുക്കും. 24ന് ഏലപ്പാറയിൽ നിന്ന് പര്യടനം തുടങ്ങുന്ന പദയാത്ര വൈകിട്ട് പുലിക്കുന്നിൽ സമാപിക്കും. തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ ഹൈറേഞ്ച് യൂണിയൻ ഭാരവാഹികൾ പങ്കെടുക്കും. പദയാത്രയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഭക്തർ ഡിസംബർ 1ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണമെന്ന് സമിതി സെക്രട്ടറി എസ്. ശരത് അറിയിച്ചു. രജിസ്ട്രേഷന് വിളിക്കേണ്ട നമ്പർ: 9496568125.