കട്ടപ്പന: കേന്ദ്രസർക്കാറിന്റെ ജനവിരുദ്ധനയങ്ങൾ തുറന്നുകാട്ടുന്നതിനായും കേരളത്തെ ഭ്രാന്താലയമാക്കാൻ ശ്രമിക്കുന്ന വർഗീയതയ്ക്കെതിരെയും സി.പി.എമ്മിന്റെ നേതൃത്വത്തിൽ ഇടുക്കി അസംബ്ലി മണ്ഡലം ജനമുന്നേറ്റ ജാഥ ഇന്ന് മുതൽ ഡിസംബർ അഞ്ച് വരെ പര്യടനം നടത്തുമെന്ന് നേതാക്കൾ അറിയിച്ചു. ജാഥയിൽ സി.പി.എം ഇടുക്കി അസംബ്ലി മണ്ഡലം സെക്രട്ടറി സി.വി. വർഗീസ് ക്യാപ്ടനും ഏരിയാ കമ്മിറ്റിയംഗം ആര്യാ രാജൻ വൈസ് ക്യാപ്ടനുമാണ്. എൻ.വി. ബേബിയാണ് മാനേജർ. 27 ന് വൈകിട്ട് അഞ്ചിന് മൂലമറ്റത്ത് കെ.എസ്. കൃഷ്ണപിള്ള ദിനാചരണ സമ്മേളനത്തിൽ മന്ത്രി എം.എം. മണി ജാഥ ഉദ്ഘാടനം ചെയ്യും. 28ന് രാവിലെ ഒമ്പതിന് കഞ്ഞിക്കുഴി പഞ്ചായത്തിലെ വെൺമണിയിൽ ആരംഭിച്ച് ചേലച്ചുവട്ടിൽ സമാപിക്കും. തുടർന്ന് 29 ന് വാഴത്തോപ്പ് പഞ്ചായത്തിൽ കരിമ്പിൽ തുടങ്ങി ചെറുതോണിയിൽ സമാപിക്കും. 30 ന് മരിയാപുരം പഞ്ചായത്തിൽ കട്ടിങ്ങിൽ തുടങ്ങി പതിനാറാംകണ്ടത്തിൽ അവസാനിക്കും. ഡിസംബർ ഒന്നിന് വാത്തിക്കുടി പഞ്ചായത്തിലെ പര്യടനം ചെമ്പകപ്പാറയിൽ ആരംഭിച്ച് തോപ്രാംകുടിയിൽ സമാപിക്കും. രണ്ടിന് കൊന്നത്തടി പഞ്ചായത്തിലെ പര്യടനം മുനിയറയിൽ ആരംഭിച്ച് കൊന്നത്തടിയിൽ സമാപിക്കും. മൂന്നിന് കാമാക്ഷി പഞ്ചായത്തിലെ പ്രര്യടനം പാണ്ടിപ്പറയിൽ ആരംഭിച്ച് തങ്കമണിയിൽ സമാപിക്കും.നാലിന് കാഞ്ചിയാർ പഞ്ചായത്തിൽ വെള്ളിലാംകണ്ടത്ത് നിന്ന് ആരംഭിച്ച് ടണൽ ജംങ്ഷനിൽ സമാപിക്കും. അഞ്ചിന് നരിയംപാറയിൽ ആരംഭിച്ച് കട്ടപ്പന ടൗണിൽ സമാപിക്കും. സമാപന സമ്മേളനം കേന്ദ്രകമ്മിറ്റിയംഗം വൈക്കം വിശ്വൻ ഉദ്ഘാടനം ചെയ്യും.