palam
പ്രളയത്തിൽ തകർന്ന ഓളമറ്റം കമ്പിപ്പാലം

തൊടുപുഴ: പ്രളയത്തിൽ തകർന്ന ഒളമറ്റം കമ്പിപ്പാലം മൂന്ന് മാസം കഴിഞ്ഞിട്ടും പുനഃനിർമ്മിക്കാൻ ഒരു നടപടിയുമില്ല. പുഴ കടക്കാനാകാതെ കിലോമീറ്ററുകൾ വട്ടംചുറ്റിയാണ് നാട്ടുകാർ തൊടുപുഴയ്ക്കെത്തുന്നത്. പാലത്തിന് പകരം സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യം വിവിധ മേഖലകിൽ നിന്ന് ഉയർന്നിട്ടും അധികൃതർ കേട്ടഭാവം നടിക്കുന്നില്ല. പ്രളയത്തെ തുടർന്ന് പുഴയിലുണ്ടായ ശക്തമായ ഒഴുക്കിലെത്തിയ മരം വന്നിടിച്ചാണ് പാലം തകർന്നത്. ഒളമറ്റം പ്രദേശത്തെയും ഇടവെട്ടി പഞ്ചായത്തിലെ തെക്കുഭാഗത്തെയും എളുപ്പത്തിൽ ബന്ധിപ്പിച്ചിരുന്നത് ഈ തൂക്കുപാലമായിരുന്നു. മേഖലയിലെ നൂറു കണക്കിന് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ ആശ്രയമായിരുന്നു ഈ നടപ്പാലം. കാഞ്ഞിരമറ്റത്തും തെക്കുംഭാഗത്തുമുള്ളവർ ബസ് കയറാൻ കമ്പിപ്പാലം കടന്നാണ് തൊടുപുഴ- മൂലമറ്റം റൂട്ടിൽ ഒളമറ്റത്തെത്തിയിരുന്നത്. പാലം തകർന്നതോടെ ഇപ്പോൾ തൊടുപുഴ ടൗണിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും എത്തണമെങ്കിൽ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയാണ്. ഇതിനിടെ കാഞ്ഞിരമറ്റം വഴി തൊടുപുഴയ്ക്ക് സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി ബസും നിറുത്തലാക്കിയതോടെ നാട്ടുകാരുടെ യാത്രാ ദുരിതം ഇരട്ടിച്ചു. കമ്പിപ്പാലത്തിന് പകരം കോൺക്രീറ്റ് പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതി രൂപീകരിച്ച് എം.പി, എം.എൽ.എ, കളക്ടർ എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ട്.

അന്ന് കടത്ത്, ഇന്ന് അതുമില്ല

വർഷങ്ങൾക്കു മുമ്പ്‌ കടത്ത് തോണിയിലായിരുന്നു ഈ പ്രദേശത്തുള്ളവർ പുഴ കടന്നിരുന്നത്. പിന്നീട് പി.ടി. തോമസിന്റെ എം.എൽ.എ ഫണ്ട് ഉപയോഗിച്ചാണ് ഇരു കരകളെയും ബന്ധിപ്പിച്ച് കമ്പിപ്പാലം നിർമിച്ചത്. പത്തു വർഷം മുമ്പ് അറ്റകുറ്റപ്പണി നടത്തി പാലം ബലവത്താക്കിയിരുന്നു. പിന്നീട് ശക്തമായ ഒഴുക്കിനെ പോലും പ്രതിരോധിച്ചിരുന്ന പാലത്തിന്റെ ഇരുമ്പു ഗർഡറുകൾ പ്രളയത്തിൽ പിടിച്ചു നിൽക്കാനാവാതെ പുഴയിൽ തകർന്നു വീഴുകയായിരുന്നു.