രാജാക്കാട്: കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഉൾപ്പെടെയുള്ള ഔദ്യോഗിക ഏജൻസികൾ 'യെല്ലോ അലർട്ട് ' ഉൾപ്പെടെയുള്ള ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചെങ്കിലും പ്രവചനങ്ങളെയെല്ലാം അസ്ഥാനത്താക്കി തുലാമഴ ഒളിച്ചുകളിയ്ക്കുന്നു. തെക്കുപടിഞ്ഞാറൻ കാലവർഷം പിൻവാങ്ങുകയും നവംബർ ആദ്യവാരത്തോടെ തുലാമഴ എത്തുകയും ചെയ്തെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങൾ അറിയിച്ചിരുന്നത്. എന്നാൽ മിക്കയിടത്തും പതിവിന് വിരുദ്ധമായി മൂന്നോ നാലോ ദിവസങ്ങളിൽ മാത്രമാണ് മഴ പെയ്തത്. ആഗസ്റ്റ് മാസത്തിലെ മഹാ പ്രളയത്തിലും പിന്നീടുണ്ടായ ന്യൂനമർദ്ദം മൂലവും ദിവസങ്ങളോളം മഴ ലഭിച്ചെങ്കിലും ഹൈറേഞ്ചിൽ മിക്കയിടത്തും മണ്ണ് വേലൽക്കാലത്തേതുപോലെ വരണ്ടുണങ്ങുകയാണ്. കുടിവെള്ള ക്ഷാമവും പലയിടത്തും രൂക്ഷമായി. പ്രളയാനന്തരം പൊടുന്നനെ ജലനിരപ്പ് താഴ്ന്ന കിണറുകളിലും കുഴൽക്കിണറുകളിലും ജലവിതാനം ഉയരാതെ അതേപടി നിൽക്കുകയാണ്.

പകൽ കൊടുംചൂട്, രാത്രി കൊടുംതണുപ്പ്

ഹൈറേഞ്ചിൽ പലയിടത്തും പകൽ കനത്ത ചൂടും, രാത്രിയിൽ മഞ്ഞോടുകൂടിയ കൊടുംതണുപ്പുമാണ് അനുഭവപ്പെടുന്നത്. ഇത് വരാനിരിയ്ക്കുന്ന കടുത്ത വേനലിന്റെ സൂചനയാണെന്ന് പഴമക്കാർ പറയുന്നു. തണുപ്പു കൂടിയ പ്രദേശങ്ങളിൽ പോലും പകൽ സമയത്തെ അന്തരീക്ഷ ഊഷ്മാവ് 15 മുതൽ 20 ഡിഗ്രി വരെ ഉയരുകയാണ്. അന്തരീക്ഷത്തിലെ ആർദ്രതയുടെ നിരക്കിലും കാര്യമായ വ്യതിയാനമുണ്ട്. പകൽ 83ഉം,രാത്രി 89ഉമാണ് ശരാശരി ആർദ്രത. ഇപ്പോഴത്തെ ചൂടും തണുപ്പും തമ്മിലുള്ള അന്തരം വരാനിരിക്കുന്ന വേനലിന്റെ ലക്ഷണമാണെന്ന് കാലാവസ്ഥാ നിരീക്ഷകരും പറയുന്നു.

താപനില
പകൽ: 27 - 30

രാത്രി: 17 ഡിഗ്രി സെൽഷ്യസ്

ആശങ്കയിൽ കാർഷികമേഖല

തുലാമഴയിലെ ഈ കുറവ് കാർഷിക മേഖലയ്ക്കു തിരിച്ചടിയാകുമോയെന്ന ആശങ്കയിലാണ് കർഷകർ. താപനിലയിൽ പൊടുന്നനെ ഉണ്ടാകുന്ന വ്യത്യാസം മൂലം കാർഷിക വിളകൾ ഉൾപ്പെടെയുള്ള സസ്യങ്ങളുടെ തളിരിലകൾ കരിഞ്ഞ് നശിക്കുന്നുണ്ട്. നെൽപാടങ്ങൾ വരണ്ട് വിണ്ടു കീറാൻ തുടങ്ങിയിട്ടുമുണ്ട്. ഡിസംബറിൽ കാര്യമായ മഴ ലഭിച്ചില്ലെങ്കിൽ ഏലവും കുരുമുളകും വാനിലയും ജാതിയും പച്ചക്കറികളും ഉൾപ്പെടെയുള്ള കൃഷികളെ പ്രതികൂലമായി ബാധിയ്ക്കും. പുഴകളും കുളങ്ങളും തോടുകളും ഉൾപ്പെടെയുള്ള സ്രോതസുകളിൽ ആവശ്യത്തിനു വെള്ളമായില്ലെങ്കിൽ ജലസേചനത്തിനും ബുദ്ധിമുട്ടാകും.

മണ്ണിലിറങ്ങാതെ മഴ

ജൂൺ 1മുതൽ സെപ്തംബർ 30 വരെയുള്ള മൺസൂൺ കാലത്ത് 67 ശതമാനം അധികം മഴയാണ് ജില്ലയിൽ ലഭിച്ചത്. ആഗസ്റ്റ് മാസത്തിൽ പെയ്ത അതിതീവ്ര മഴ പക്ഷേ മണ്ണിലാഴ്ന്നിറങ്ങാത്തതു മൂലമാണ് ഇപ്പോഴത്തെ ജലക്ഷാമമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ ന്യൂനമർദങ്ങളെ തുടർന്നുണ്ടായ മഴയും ആർത്തലച്ചു പെയ്തു പോവുകയാണ് ചെയ്തത്. തുടർച്ചയായി നേർത്ത മഴ പെയ്‌തെങ്കിൽ മാത്രമേ അത് മണ്ണിനും കൃഷിക്കും ഗുണകരമാകൂ. ശക്തമായി പെയ്ത മഴ മണ്ണിൽ തങ്ങാതെ ജലാശയങ്ങളിലേക്ക് ഒഴുകിപ്പോവുകയാണുണ്ടായത്.

ലഭിച്ചത് 10 ശതമാനം അധികം

ജില്ലയിൽ കഴിഞ്ഞ വർഷം ഒക്ടോബർ ഒന്ന് മുതൽ ഡിസംബർ 31 വരെ 539.0 മില്ലി മീറ്റർ മഴയാണു ലഭിച്ചത്. 489.3 മില്ലിമീറ്ററാണ് സാധാരണ ലഭ്യത. 10 ശതമാനം മഴ അധികം ലഭിച്ചെന്ന് സാരം. ഈ വർഷം ഒക്ടോബർ ഒന്ന് മുതൽ നവംബർ 21 വരെ പെയ്തത് 495.1 മില്ലിമീറ്ററാണ്.