ചെറുതോണി: ജോയ്സ് ജോർജ്ജ് എം.പിയും ഹൈറേഞ്ച് സംരക്ഷണ സമിതി നേതാക്കളും കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഡോ: ഹർഷവർദ്ധനനുമായി ഡൽഹിയിൽ ചർച്ച നടത്തി. കസ്തൂരിരംഗൻ റിപ്പോർട്ടിന്മേൽ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നത് നീളുന്ന സാഹചര്യത്തിലാണ് എം.പിയും ഹൈറേഞ്ച് സംരക്ഷണ സമിതി ജനറൽ കൺവീനർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കലും രക്ഷാധികാരി ആർ. മണിക്കുട്ടനുമടങ്ങുന്ന സംഘം കേന്ദ്രമന്ത്രിയെ കണ്ടത്. ശാസ്ത്രീയവും സമഗ്രവുമായ രീതിയിൽ ജനതാത്പര്യം മുൻ നിറുത്തി സംസ്ഥാന സർക്കാർ നൽകിയ റിപ്പോർട്ട് അംഗീകരിച്ച് അന്തിമ വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് കൂടിക്കാഴ്ചയിൽ നേതാക്കൾ ആവശ്യപ്പെട്ടു. 2013 നവംബർ 13 ലെ ഉത്തരവനുസരിച്ചുള്ള നിയന്ത്രണങ്ങളും നിരോധനങ്ങളും ഇപ്പോഴും നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രളയാനന്തര പുനർ നിർമ്മാണത്തിൽ കേരളം നേരിടുന്ന പ്രതിസന്ധിയും എം.പി ചൂണ്ടിക്കാണിച്ചു. നിർമ്മാണ സാമഗ്രികളുടെ ദൗർലഭ്യം മൂലം റോഡുകൾ പോലും ഗതാഗത യോഗ്യമാക്കാൻ കഴിയാത്ത ഗൗരവതരമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് എം.പി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പരിശോധിച്ച് വരികയാണെന്നും അനുഭാവപൂർവ്വമായ തീരുമാനം വേഗത്തിൽ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ചൊവ്വാഴ്ച രാവിലെ ഒമ്പതിനാണ് എം.പിയും സംഘവും മന്ത്രിയുമായി ചർച്ച നടത്തിയത്.