അടിമാലി: സ്വകാര്യ ബസ് ജീവനക്കാരും പൊലീസും ചേർന്ന് അടിമാലി പത്താംമൈലിലെ നാട്ടുകാരെ കള്ളക്കേസിൽ കുടുക്കിയെന്നാരോപിച്ച് ജനകീയ സമിതിയുടെ നേതൃത്വത്തിൽ പത്താംമൈൽ ടൗണിൽ ഹർത്താൽ ആചരിച്ചു. അടിമാലി മേഖലയിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ജീവനക്കാരുടെ ധാർഷ്ഠ്യം അവസാനിപ്പിക്കുക, ബസ് ജീവനക്കാരെ മർദ്ദിച്ചതായി ആരോപിച്ച് പത്താംമൈൽ സ്വദേശികളായ നാല് പേർക്കെതിരെ ചുമത്തിയിരിക്കുന്ന പൊലീസ് കേസ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഹർത്താൽ. കോൺഗ്രസ്- സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെയും വ്യാപാരി വ്യവസായി ഏകോപന സമതിയുടെയും ഡ്രൈവേഴ്സ് യൂണിയനുകളുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് ഹർത്താൽ നടന്നത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറുവരെയായിരുന്നു ഹർത്താൽ. ഹർത്താലിനെ തുടർന്ന് ടൗണിലെ കടകമ്പോളങ്ങൾ പൂർണമായി അടഞ്ഞ് കിടന്നു. അതേ സമയം കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലൂടെ പോയ വാഹനങ്ങളൊന്നും ഹർത്താലനുകൂലികൾ തടഞ്ഞില്ല. രാത്രിയിൽ യുവതിയെ പെരുവഴിയിൽ ഇറക്കി വിട്ട സംഭവം ചോദ്യം ചെയ്യുക മാത്രമാണ് നാട്ടുകാർ ചെയ്തതെന്നും മറ്റു തരത്തിൽ ബസ് ജീവനക്കാർ പ്രചരിപ്പിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നും കോൺഗ്രസ് ഇരുമ്പുപാലം മണ്ഡലം പ്രസിഡന്റ് ബേബി അഞ്ചേരി പറഞ്ഞു. ഞായറാഴ്ച രാത്രി ഏഴരയോടെയായിരുന്നു പത്താംമൈൽ ടൗണിൽ നാട്ടുകാർ സ്വകാര്യ ബസ് തടഞ്ഞ് യുവതിയെ പെരുവഴിയിൽ ഇറക്കി വിട്ട സംഭവം ചോദ്യം ചെയ്തത്. വാക്ക് തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. തുടർന്ന് അടിമാലി മേഖലയിലെ സ്വകാര്യ ബസുകൾ തിങ്കളാഴ്ച പണിമുടക്കി. സംഭവവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.