തൊടുപുഴ: വണ്ണപ്പുറം പഞ്ചായത്തിലെ പടിക്കകം ഭാഗത്തെ 1970 മുതലുള്ള കുടിയേറ്റങ്ങളെ വനം കൈയേറ്റമായി ചിത്രീകരിച്ച് കുടിയിറക്കാനുള്ള വനം വകുപ്പിന്റെ ഗൂഢശ്രമം അവസാനിപ്പിക്കണമെന്ന് കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ.ജേക്കബ് ആവശ്യപ്പെട്ടു. ഈ പ്രദേശത്ത് ഏതാണ്ട് നൂറോളം കുടിയേറ്റ കർഷകരുണ്ട്. വണ്ണപ്പുറം പഞ്ചായത്തിൽ തന്നെ പലപ്രദേശങ്ങളിലായി 1970 ന് മുമ്പ് കുടിയേറിയവരാണെങ്കിലും വനം - റവന്യൂ സംയുക്ത പരിശോധന ലിസ്റ്റിൽ നിന്നും വിട്ടുപോയിട്ടുള്ളവർ അനേകമുണ്ട്. കുടിയിറക്ക് നീക്കങ്ങളെ തുടർന്ന് വനം വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ കഴിഞ്ഞ മാർച്ച് 27 ന് തിരുവനന്തപുരത്ത് മന്ത്രി എം.എം. മണി, ജോയ്സ് ജോർജ് എം.പി, പി.ജെ.ജോസഫ് എം.എൽ.എ, എസ്. രാജേന്ദ്രൻ എം.എൽ.എ, റോഷി അഗസ്റ്റിൻ എം.എൽ.എ എന്നിവരും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ഉന്നതതല യോഗം ചേർന്നിരുന്നു.
ജില്ലയിലെ ജനപ്രതിനിധികളും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് സംഭവ സ്ഥലം നേരിട്ട് കണ്ട് സംയുക്ത പരിശോധന നടത്തണമെന്ന് ഈ യോഗത്തിൽ തീരുമാനം ഉണ്ടായെങ്കിലും ഇത് നടപ്പിലാക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല. കുടിയിറക്ക് സംബന്ധിച്ച് ഹൈക്കോടതി വിധിയെ ദുർവ്യാഖ്യാനം ചെയ്യാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ചില നിക്ഷിപ്ത താത്പര്യക്കാരുടെ ഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോൾ നടക്കുന്ന കുടിയിറക്ക് നീക്കമെന്നും ജേക്കബ് ആരോപിച്ചു.