നെടുങ്കണ്ടം: ചേമ്പളം നിവാസികളുടെ ചിരകാല സ്വപ്നമായ നെടുങ്കണ്ടം ചേമ്പളം സംസ്ഥാന പാതയ്ക്ക് സമാന്തര പാത നാട്ടുകാരുടെ കൂട്ടായ്മയിൽ ഒരുങ്ങുന്നു. നിലവിൽ ചേമ്പളം തട്ടാരടിപ്പടിയിൽ നിന്ന് ആരംഭിയ്ക്കുന്ന ഗ്രാമീണ നടപ്പാത കല്ലാർപുഴയ്ക്ക് സമീപം വരെയുണ്ട്. ഇത് വീതി കൂട്ടി വാഹന ഗതാഗതത്തിന് അനുയോജ്യമാക്കുന്നതിനുള്ള ജോലികളാണ് നടക്കുന്നത്.
കല്ലാർ പുഴയ്ക്ക് കുറുകെ ചപ്പാത്ത്
കല്ലാർ പുഴയ്ക്ക് കുറുകെ ചെറിയ ചപ്പാത്ത് നിർമ്മിച്ച് റോഡ് മറുകര എത്തിയ്ക്കാനാണ് പദ്ധതി. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ സഹകരണത്തോടെ ചപ്പാത്ത് നിർമ്മിയ്ക്കുന്നതിനുള്ള ഫണ്ട് കണ്ടെത്താനാണ് ശ്രമം. ചപ്പാത്ത് സാദ്ധ്യമായാൽ മറുകരയിലും ചെറിയ ദൂരത്തിൽ റോഡ് നിർമ്മിച്ച് ചക്കക്കാനം റോഡിലേയ്ക്ക് പ്രവേശിയ്ക്കാനാവും. പ്രദേശവാസികൾ റോഡിനായുള്ള സ്ഥലം വിട്ടു നൽകുന്നതിന് തയ്യാറാണ്. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ചപ്പാത്ത് നിർമ്മിയ്ക്കുന്നതിനുള്ള ഫണ്ട് കണ്ടെത്തുന്നതിനുള്ള പരിശ്രമത്തിലാണ് നാട്ടുകാർ. നിർമ്മാണ ജോലികൾക്ക് എല്ലാ വിധ സഹകരണവും പ്രദേശവാസികൾ ഉറപ്പ് നൽകുന്നു.
നെടുങ്കണ്ടം ടൗണിന് സമാന്തര പാത
കുമളി മൂന്നാർ സംസ്ഥാന റോഡിന് സമാന്തരമായി പുതിയ റോഡ് സാദ്ധ്യമാകും എന്നതാണ് ഈ റോഡിന്റെ ഏറ്റവും വലിയ പ്രത്യേകത. പടിഞ്ഞാറെകവലയിൽ നിന്ന് മൂന്ന് കിലോമീറ്റർ ദൂരം മാത്രം സഞ്ചരിച്ചാൽ ചേമ്പളത്ത് എത്തിച്ചേരാനാകും. ടൗണിൽ വൻ തിരക്ക് അനുഭവപ്പെടുന്ന സമയങ്ങളിൽ ഗതാഗതം ഇതുവഴി തിരിച്ച് വിട്ട് കുരുക്ക് ഒഴിവാക്കാനാകും. കല്ലാർ ഡാം തുറന്ന് വിടുന്ന സമയത്ത് അല്ലാതെ മറ്റ് മുഴുവൻ സമയവും ഇതുവഴി ഗതാഗതം സാദ്ധ്യമാകും. ചെറുവാഹനങ്ങളും ഇരുചക്ര വാഹനങ്ങളും പൂർണമായും ഇതുവഴി തിരിച്ച് വിടാമെന്നതിനാൽ സംസ്ഥാന പാതയിലെ ഗതാഗത പ്രശ്നങ്ങൾക്കും പരിഹാരമാകും. കല്ലാർ പുഴയോട് ചേർന്ന് താമസിയ്ക്കുന്ന നിരവധി കുടുംബങ്ങൾക്കും റോഡ് ഏറെ പ്രയോജനപ്പെടും. റോഡിന്റെ മൺപണികൾ എത്രയും വേഗം പൂർത്തീകരിയ്ക്കുന്നതിനുള്ള ശ്രമമാണ് പ്രദേശവാസികളുടെ ഒത്തൊരുമയിൽ ഇപ്പോൾ പുരോഗമിയ്ക്കുന്നത്. വെറ്റക്കൊടിമാക്കൽ രാമകൃഷ്ണൻ, മംഗലത്തിൽ ജോർജ്ജ്‌കുട്ടി, കാരക്കാട്ട് ജെയിംസ്, പറമ്പുകാട്ടിൽ ജോസഫ്, ഷീബാ സോണി എന്നിവരാണ് നേതൃത്വം നൽകുന്നത്.