തൊടുപുഴ: ന്യൂനപക്ഷധനകാര്യ വികസന കോർപ്പറേഷൻ ജില്ലാ ഓഫീസ് തൊടുപുഴയിൽ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ചെയർമാൻ പ്രൊഫ. എ.പി. അബ്ദുൾ വഹാബ് പറഞ്ഞു. തൊടുപുഴ ഗവ. പി.എസ്.സി കോച്ചിംഗ് സെന്ററിൽ വിവിധ ന്യൂനപക്ഷ സംഘടനകളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോർപ്പറേഷനിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കുവേണ്ടി 100 കോടി രൂപയുടെ വായ്പാ പദ്ധതികളുണ്ടെങ്കിലും പലരും അജ്ഞരാണ്. രണ്ടോ മൂന്നോ ശതമാനം പലിശ നിരക്കിൽ കോർപ്പറേഷൻ നൽകുന്ന വായ്പകളെക്കുറിച്ച് വ്യക്തികളെ ബോധവത്കരിക്കാൻ ന്യൂനപക്ഷസമുദായ നേതാക്കൾ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ഐ.എൻ.എൽ ജില്ലാ പ്രസിഡന്റ് എം.എം. സുലൈമാൻ അദ്ധ്യക്ഷത വഹിച്ചു. കെ.എം. ജബ്ബാർ, ടി.കെ. അബ്ദുൾ കരീം സഖാഫി, ബീനമ്മ പീറ്റർ, അബ്ദുൾ അസീസ്, കെ.ഇ. മുഹമ്മദ് മൗലവി, ബാബു പാസ്റ്റർ, കെ.എം. വീനസ് എന്നിവർ പങ്കെടുത്തു.