തൊടുപുഴ: പൊതുനിരത്തിലെ കുഴികളും അനധികൃത വാഹന പാർക്കിംഗും തൊടുപുഴ നഗരത്തിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പ്രധാനപ്രശ്നങ്ങളെന്ന് സർവേ റിപ്പോർട്ട്. വഴിത്തല ശാന്തിഗിരി കോളേജിലെ ഒന്നാംവർഷ സോഷ്യൽവർക്ക് വിദ്യാർത്ഥികൾ നടത്തിയ സർവേയിലാണ് നഗരത്തിന്റെ പരിമിതികളും പ്രശ്നങ്ങളും അക്കമിട്ട് നിരത്തുന്നത്. ആട്ടോറിക്ഷകളുടെ അമിതകൂലിയും ഗതാഗതക്കുരുക്കും കുടിവെള്ള ടാപ്പുകളുടെ അഭാവവുമൊക്കെ പൊതുജനങ്ങളെ വലയ്ക്കുന്ന പ്രശ്നങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. പൊതുടാപ്പുകൾ ഇല്ലാതായതോടെ എന്തിനും ഏതിനും കുപ്പിവെള്ളം വിലകൊടുത്ത് വാങ്ങേണ്ട ഗതികേടാണെന്ന് സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും പറഞ്ഞു. അതേസമയം പൊതുസേവന വിഭാഗത്തിൽ ബസ് കാത്തിരിപ്പുകേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളിലും സർക്കാർ സ്ഥാപനങ്ങളിൽ താലൂക്ക് ആശുപത്രി, വൈദ്യുതി വകുപ്പ് എന്നിവയുടെ പ്രവർത്തനവും തൃപ്തികരമാണെന്നാണ് വിലയിരുത്തൽ. എന്നാൽ വാട്ടർ അതോറിട്ടിയുടെ സേവനത്തിൽ നല്ല അഭിപ്രായം പറഞ്ഞവരുടെ എണ്ണം കുറവാണെന്ന് മാത്രമല്ല, പൈപ്പ് പൊട്ടിയൊഴുകി കുടിവെള്ളം മലിനമാകുന്ന സാഹചര്യം ഒഴിവാക്കണമെന്ന നിർദ്ദേശവുമുണ്ടായി. സേവനം മെച്ചപ്പെടേണ്ട സ്ഥാപനങ്ങളുടെ പട്ടികയിൽ പൊലീസ് സ്റ്റേഷനും മുനിസിപ്പൽ ഓഫീസുമാണ് മുൻപന്തിയിൽ. സ്വകാര്യ വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം ഒരുക്കുക, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ് ഉടൻ പ്രവർത്തനം ആരംഭിക്കുക, മാലിന്യം നിർമ്മാർജനം കാര്യക്ഷമമാക്കുക, സിഗ്നൽ ലൈറ്റുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുക, ടൗൺ - ടു - ടൗൺ സർവീസ് ആരംഭിക്കുക, ഉന്തുവണ്ടികൾ സൃഷ്ടിക്കുന്ന ഗതാഗതതടസം പരിഹരിക്കുക, നഗരത്തിലെ റോഡുകളുടെ വീതികൂട്ടുക, മാഞ്ഞുപോയ സീബ്രാലൈനുകൾ പുനഃസ്ഥാപിക്കുക തുടങ്ങിയ പ്രശ്നങ്ങളിൽ അധികൃതരുടെ അടിയന്തര ശ്രദ്ധ പതിയണമെന്നും സർവേയിൽ പങ്കെടുത്തവർ പറഞ്ഞു.
നേരിട്ടു നടത്തിയ സർവേ
തൊടുപുഴ നഗരസഭയുടെ പരിധിയിൽ 18 ദിവസം നീണ്ടുനിൽക്കുന്ന ഫീൽഡ് പ്രവർത്തനങ്ങളുടെ ഭാഗമായി ശാന്തിഗിരി കോളേജിലെ ആൻമരിയ സാബു, ക്രിസ്റ്റീന സണ്ണി എന്നീ വിദ്യാർത്ഥികളാണ് സർവേ നടത്തിയത്. നഗരത്തിലെത്തിയ 200 ആളുകളെ നേരിട്ട് കണ്ട് കൃത്യമായ ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ വിവരങ്ങൾ ശേഖരിച്ചു. പൊതുജനങ്ങൾ, വ്യാപാരികൾ, ഓട്ടോറിക്ഷ- ടാക്സി തൊഴിലാളികൾ, ഉന്തുവണ്ടി കച്ചവടക്കാർ, ബസ് ജീവനക്കാർ, ലോട്ടറി കച്ചവടക്കാർ, ക്ലീനിംഗ് തൊഴിലാളികൾ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി സമൂഹത്തിന്റെ എല്ലാമേഖലയിലും നിന്നുള്ളവർ സർവേയിൽ പങ്കെടുത്ത് അഭിപ്രായം രേഖപ്പെടുത്തി. സർവേ റിപ്പോർട്ട് പി.ജെ. ജോസഫ് എം.എൽ.എ, നഗരസഭ അദ്ധ്യക്ഷ മിനിമധു എന്നിവർക്ക് കൈമാറിയിട്ടുണ്ട്.