മുട്ടം: മുട്ടം കോടതി സമുച്ചയത്തിനടുത്തായി ജില്ലാ ജയിൽ പ്രവർത്തനം ആരംഭിച്ചു. ഇന്നലെ രാവിലെ 11 ന് ജയിൽ ഡി.ജി.പി ആർ. ശ്രീലേഖയുടെ നേതൃത്വത്തിലാണ് പുതിയ ജയിലിന്റെ പ്രവർത്തനം ആരംഭിച്ചത്. 280 പുരുഷന്മാരെയും 28 വനിതകളെയും പാർപ്പിക്കാൻ സ്ഥലസൗകര്യം ഉണ്ടെങ്കിലും ആദ്യഘട്ടത്തിൽ 20 തടവുകാരെയാണ് എത്തിച്ചിരിക്കുന്നത്. പിന്നീട് ദേവികുളം, പീരുമേട്, ഇടുക്കി സബ് ജയിലുകളിൽ നിന്നുള്ള അധിക തടവുകാരെ ഘട്ടംഘട്ടമായി ഇവിടേക്ക് മറ്റും. ജീവനക്കാരുടെ ക്വാട്ടേഴ്‌സിന്റെ നിർമാണവും അവസാന ഘട്ടത്തിലാണ്. ജയിലിന്റെ ഉദ്ഘാടനം നേരത്തെ നടത്തിയെങ്കിലും നിർമ്മാണം പൂർത്തീകരിക്കാത്തതിനാൽ പ്രവർത്തനം ആരംഭിച്ചിരുന്നില്ല. ഇത് സംബന്ധിച്ച് വ്യാപകമായ ആക്ഷേപം ഉയർന്നിരുന്നു. ജയിലിന്റെ പ്രവർത്തനങ്ങൾക്ക് 48 ഉദ്യോഗസ്ഥർ ആവശ്യമുണ്ടെങ്കിലും 19 പേരെയാണ് നിയമിച്ചിട്ടുള്ളത്. 23 അടി ഉയരമുള്ള കൂറ്റൻ മതിലാണ് ജയിലിനുള്ളത്. നാലുകെട്ടിന്റെ മാതൃകയിൽ രണ്ടു നില കെട്ടിടത്തിലായി 21 സെല്ലുകളാണ് ജയിലിലുള്ളത്. ഇതിൽ നാല് സെല്ലുകൾ വനിതകൾക്കാണ്. അടിയന്തര ഘട്ടത്തിൽ 800 പേരെ വരെ പ്രവേശിപ്പിക്കാം.
തടവുകാർക്ക് എല്ലാ സൗകര്യങ്ങളും
തടവുകാർക്കായി വായനാമുറി, ടി വി, റേഡിയോ തുടങ്ങിയ സൗകര്യങ്ങൾ പുതിയ ജയിലിലുണ്ട്. എല്ലാ സെല്ലിലും എഫ്.എം റേഡിയോയുണ്ട്. തടവുകാർക്ക് ഭക്ഷണം ഉണ്ടാക്കുന്നതിനായി വിശാലമായ അടുക്കളയും ഇതിനോട് ചേർന്ന് ഊണുമുറിയുമുണ്ട്. തടവുകാരെ നിരീക്ഷിക്കാനായി 48 സി.സി ടി.വി കാമറകളും വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്.
മലമ്പുഴയിലും തവനൂരും പുതിയ ജയിലുകൾ ഉടൻ
മലമ്പുഴയിലും തവനൂരും പുതിയ ജയിലുകൾ അടുത്ത മാസം പ്രവർത്തനം ആരംഭിക്കുമെന്ന് ജയിൽ ഡി.ജി.പി ആർ. ശ്രീലേഖ പറഞ്ഞു. കേരളത്തിൽ ആകെ 7890 തടവുകാരാണുള്ളത്. കുറ്റകൃത്യങ്ങൾ ഏറുന്നുണ്ടെങ്കിലും തടവുകാരുടെ എണ്ണം ദിനംപ്രതി കുറഞ്ഞു വരികയാണെന്നും ഡി.ജി.പി പറഞ്ഞു. മധ്യമേഖല ഡി.ഐ.ജി സാം തങ്കയ്യൻ, ജയിൽ സൂപ്രണ്ട് കെ.ബി അൻസാർ, അനിൽകുമാർ, പി. വിജയൻ, സി.പി. ഷാജു, വാർഡ് മെമ്പർ ഔസേപ്പ് ചാരംകുന്നേൽ എന്നിവർ സംസാരിച്ചു.