ചെറുതോണി: കാൽനൂറ്റാണ്ടായിട്ട് തെക്കൻതോണി നിവാസികൾക്ക് ഒരേയൊരു ആവശ്യം മാത്രമാണുള്ളത്, സഞ്ചാരയോഗ്യമായ ഒരു റോഡ്. 25 വഷത്തിനിപ്പുറവും അത് സ്വപ്നം മാത്രമാണ്. കഞ്ഞിക്കുഴി പഞ്ചായത്തിലെ 16-ാം വാർഡിലാണ് തെക്കൻതോണി. ആലപ്പുഴ- മധുര സംസ്ഥാന പാതയിൽ നിന്ന് രണ്ട് കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ തെക്കൻതോണിയിലെത്താം. ഇപ്പോഴുള്ള വഴിയിലൂടെ കാൽനടയാത്രപോലും അസാധ്യമാണ്. ഇതുമൂലം എഴുപതോളം ആദിവാസി കുടുംബങ്ങളാണ് ബുദ്ധിമുട്ടിലായത്. പതിറ്റാണ്ടുകളായി പ്രദേശവാസികൾ ജനപ്രതിനിധികൾക്കും പൊതുമാരാമത്ത് ഉദ്യോഗസ്ഥർക്കും പരാതികളും നിവേദനങ്ങളും നൽകുന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ റോഡ് നിർമാണത്തിനായി 10 ലക്ഷം രൂപ അനുവദിച്ചെങ്കിലും വനം വകുപ്പിന്റെ എതിർപ്പിനെ തുടർന്ന് നിർമാണത്തിന് കാലതാമസം നേരിട്ടു. തുടർന്ന് നടത്തിയ ചർച്ചയിൽ വനം വകുപ്പ് റോഡ് നിർമാണത്തിന് അനുമതി നൽകി മാസങ്ങൾ കഴിഞ്ഞിട്ടും കരാറുകാൻ നിർമാണം ആരംഭിക്കാത്തതാണ് ഇപ്പോഴത്തെ പ്രധാന പ്രശ്നം. റോഡ് നിർമാണം ആരംഭിക്കാത്തിൽ പ്രതിഷേധിച്ച് തെക്കൻതോണിയുടെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകൾ പതിപ്പിച്ചിട്ടുണ്ട്.