ചെറുതോണി: പ്രളയത്തിൽ ചെറുതോണി ടൗണിലെ താത്കാലിക ബസ് സ്റ്റാന്റും പേ ആന്റ് പാർക്കും ഒലിച്ചുപോയി മാസങ്ങൾ കഴിഞ്ഞിട്ടും പുതിയ സ്റ്റാൻഡിന് ജില്ലാ ഭരണകൂടം അനുമതി നൽകിയില്ല. ടൗണിൽ തന്നെ സ്റ്റാൻഡ് നിർമിക്കാൻ സ്ഥലമില്ലാത്തതിനാൽ പൊലീസ് സ്റ്റേഷന് സമീപം ബസ് സ്റ്റാൻഡ് നിർമ്മിക്കാൻ തീരുമാനിച്ചു. ഇതിനായി 50 ലക്ഷം രൂപ എം.എൽ.എ അനുവദിച്ചിരുന്നു. ഈ തുക ജില്ലാ പഞ്ചായത്തിന് കൈമാറി അവർ തന്നെ നിർമാണം പൂർത്തിയാക്കുന്നതിനാണ് തീരുമാനിച്ചിരുന്നത്. ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമായതിനാൽ മറ്റ് നിയമ തടസങ്ങളുമില്ല. ജില്ലാ പഞ്ചായത്ത് ഭണ സമിതി ബസ് സ്റ്റാൻഡ് നിർമ്മിക്കാൻ തീരുമാനമെടുത്തഷേം ഭരണാനുമതിയ്ക്കായി ജില്ലാകളക്ടർക്ക് അപേക്ഷ സമർപ്പിച്ചു. ജില്ലാകളക്ടറും മറ്റ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് അനുയോജ്യമെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. നിയമ പരമായി നിർമാണം നടത്തണമെങ്കിൽ ജില്ലാ കളക്ടറുടെ ഭരണാനുമതിയും ഉദ്യോഗസ്ഥ തലത്തിലുള്ള സാങ്കേതികാനുമതിയും ആവശ്യമാണ്. പരിശോധന കഴിഞ്ഞ് ഒരുമാസം കഴിഞ്ഞിട്ടും ഭരണാനുമതി നൽകാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീർപ്പുമുട്ടുന്ന ചെറുതോണിയുടെ വികസനത്തിന് ബസ് സ്റ്റാൻഡും ടാക്സി സ്റ്റാൻഡും അടിയന്തരമായി നിർമ്മിക്കുന്നതിനുള്ള തടസം പരിഹരിച്ച് താത്കാലികമായെങ്കിലും നിർമാണം പൂർത്തിയാക്കണമെന്ന് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെടുന്നു.

എന്തുകൊണ്ട് അനുമതിയില്ല

ഇടുക്കി ഡെവലപ്മെന്റ് അതോറിട്ടിയുടെ മാസ്റ്റർ പ്ലാനിൽ ബസ് സ്റ്റാൻഡിനുള്ള സ്ഥലം രേഖപ്പെടുത്തിയിട്ടില്ലെന്ന കാരണത്താലാണ് അനുമതി നിഷേധിച്ചിരിക്കുന്നത്. പൊലീസ് സ്റ്റേഷൻ പരിസരത്ത് ബസ് സ്റ്റാൻഡ് നിർമിക്കുന്നതിന് തടസമില്ലെന്ന് കണ്ടെത്തുകയും ഇതിനാവശ്യമായ മണ്ണ് പരിശോധന വരെ പൂർത്തിയായതുമാണ്.

50 ലക്ഷം ഇങ്ങനെ

പൊലീസ് സ്റ്റേഷനിലേയ്ക്കുള്ള റോഡ് വീതികൂട്ടി രണ്ട് ബസുകൾക്ക് ഒരേസമയം പോകാവുന്ന വീതിയിലും 60 മീറ്റർ നീളത്തിലും 30 മീറ്റർ വീതിയിലും തറ ടൈലിട്ടും സമീപത്തുള്ള തോടിന്റെ സൈഡ് റിട്ടേണിംഗ് വാൾ കൊടുക്കുന്നതിനുമാണ് 50 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളത്. ബസ് കാത്തിരിപ്പു കേന്ദ്രവും കംഫർട്ട് സ്റ്റേഷനും നിർമിക്കുന്നതിന് 15 ലക്ഷം രൂപ കൂടി അനുവദിച്ചിട്ടുണ്ട്.

വീർപ്പുമുട്ടി ചെറുതോണി

ബസുകളും ടാക്സി വാഹനങ്ങളും പാർക്ക് ചെയ്യുന്നതിന് സൗകര്യമില്ലാതെ ടൗൺ വീർപ്പുമുട്ടുകയാണ്. പ്രളയക്കെടുതിയിൽ ചെറുതോണി പാലത്തിന് സമീപുള്ള മുപ്പതോളം കടകളും ചെറുതോണി ആലിൻ ചുവട് റോഡും പൂർണമായും നശിച്ചിരുന്നു. ചെറുതോണി- ആലിൻചുവട് റോഡിലേയ്ക്ക് ഇടിഞ്ഞുവീണ മണ്ണും കല്ലും ഭാഗികമായി മാറ്റി താത്കാലികമായി വാഹനങ്ങൾ കടുത്തിവിടാൻ ആരംഭിച്ചെങ്കിലും ടൗണിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ മൂന്നു മാസം കഴിഞ്ഞിട്ടും അധികൃതർക്കായില്ല.