ചെറുതോണി: വാത്തിക്കുടി പഞ്ചായത്തിൽ പ്രളയക്കെടുതിയിൽ വീട് നഷ്ടപ്പെട്ടവർക്കുളള വീട് അനുവദിച്ചതിൽ വ്യാപകമായ ക്രമക്കേട് നടത്തിയതായി പരാതി. വീട് നഷ്ടപ്പെട്ട അർഹരായ അൻപതോളംപേർ ലിസ്റ്റിലുൾപ്പെട്ടിട്ടില്ല. എന്നാൽ അത്രയും തന്നെ അനർഹർ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. രണ്ടേക്കർ സ്ഥലവും വാർക്ക വീടും രണ്ട് വാഹനങ്ങളുള്ളവരും പതിനഞ്ച് ലക്ഷം രൂപ വില മതിക്കുന്ന വീടുള്ള കരാറുകാരനുൾപ്പെടെയുള്ളവർക്കു വീട് അനുവദിച്ചിട്ടുണ്ടന്ന് കണ്ടെത്തിയിട്ടുണ്ട്. മാനദണ്ഡങ്ങൾ പാലിക്കാതെ വീട് അനുവദിച്ചതിൽ അഴിമതിയുണ്ടെന്നാരോപിച്ച് നാട്ടുകാർ ജില്ലാകലക്ടർക്കും പരാതി നൽകിയെങ്കിലും ഇതുവരെയും നടപടിയെടുത്തിട്ടില്ല. വാത്തിക്കുടി പഞ്ചായത്തിൽ പ്രളയക്കെടുതിയിൽ യഥാർത്ഥമായി വീട് നഷ്ടപ്പെട്ടവർക്ക് വീട് അനുവദിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് പടിക്കലേയ്ക്ക് മാർച്ചും ധർണയും നടത്തുമെന്ന് ഭാരവാഹികളറിയിച്ചു.