തൊടുപുഴ: കെ.എസ്. കൃഷ്ണപിള്ളയുടെ 69-ാമത് രക്തസാക്ഷി അനുസ്മരണ ദിനാചരണം സി.പി.ഐ, സി.പി.എം പാർട്ടികൾ വെവ്വേറെ നടത്തി.

സി.പി.എമ്മിന്റെ നേതൃത്വത്തിൽ റെഡ് വോളണ്ടിയർ മാർച്ച്, താളമേളങ്ങൾ, നാടൻ കലാരൂപങ്ങൾ എന്നിവയുടെ അകമ്പടിയോടെ നഗരത്തിൽ നിന്ന് ആരംഭിച്ച പ്രകടനം മങ്ങാട്ടുകവലയിൽ സമാപിച്ചു. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം പി. രാജീവ് ഉദ്ഘാടനം ചെയ്തു. വൈകിട്ട് അഞ്ചിന് വെങ്ങല്ലൂർ ഷാപ്പുംപടിയിൽ നിന്ന് മുനിസിപ്പൽ മൈതാനത്തേക്ക് സി.പി.ഐ പ്രകടനം നടത്തി. സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം പി. പ്രസാദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം പ്രസിഡന്റ് കെ. സലിംകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ, മാത്യു വർഗീസ്, വി.ആർ. പ്രമോദ്, മുഹമ്മദ് അഫ്സൽ, സുനിൽ സെബാസ്റ്റ്യൻ, ഗീത തുളസീധരൻ, അഡ്വ. എബി ഡി. കോലോത്ത്, പി.ജി.വിജയൻ എന്നിവർ പ്രസംഗിച്ചു. സി.പി.എമ്മിന്റെ ആഭിമുഖ്യത്തിൽ കരിമണ്ണൂരിലും മൂലമറ്റത്തും കെ.എസ്. കൃഷ്ണപിള്ള അനുസ്മരണപരിപാടി നടത്തി.