മറയൂർ: വർഗീയത പരത്തി നാടിന്റെ സമാധാന അന്തരീക്ഷം തകർക്കുന്ന സംഘപരിവാർ ശ്രമങ്ങൾക്കെതിരെയും കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരെയും സി.പി.എം ദേവികുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ജനമുന്നേറ്റ ജാഥയ്ക്ക് അഞ്ചുനാട് മേഖലയിൽ ആവേശോജ്ജ്വല സ്വീകരണം. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റഗം കെ.വി. ശശി ക്യാപ്ടനായുള്ള ജാഥ രാവിലെ കാന്തല്ലൂരിൽ നിന്ന് പര്യടനം ആരംഭിച്ച് കീഴാന്തൂർ, കാരയൂർ, പയസ് നഗർ, കോവിൽക്കടവ് , ബാബുനഗർ എന്നിവടങ്ങളിൽ പര്യടനം നടത്തി മറയൂർ ടൗണിൽ അവസാനിച്ചു. കാന്തല്ലൂരിൽ കർഷകർ പഴങ്ങളും സുഗന്ധവ്യജ്ഞനങ്ങളും കൊണ്ടുള്ള മാലകൾ നിമ്മിച്ചും വെളുത്തുള്ളി കറ്റകളും നൽകിയാണ് ജാഥാക്യാപ്ടനെയും അംഗങ്ങളെയും സ്വീകരിച്ചത്. നൂറു കണക്കിന് സ്ത്രീകളാണ് എല്ലാകേന്ദ്രങ്ങളിലും ജാഥയെ സ്വീകരിക്കാൻ എത്തിയത്. ജാഥാ വൈസ് ക്യാപ്ടൻ ഷൈലജ സുരേന്ദ്രൻ, ജാഥാ മാനേജൻ ടി.കെ. ഷാജി, എം.എൻ. മോഹനൻ, എം. ലക്ഷ്മണൻ, ആർ. ഈശ്വരൻ, എ. രാജേന്ദ്രൻ, കെ.കെ. വിജയൻ, വി. സിജിമോൻ, എം.വി. ശശികുമാർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.