തൊടുപുഴ: വീണ്ടെടുക്കാനാവാത്തവിധം സാധാരണക്കാരുടെ ജീവിതം മോദി സർക്കാർ സാമ്പത്തികത്തകർച്ചയിലാക്കിയെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി.കെ. ബിജു എം.പി പറഞ്ഞു. കരിമണ്ണൂരിൽ കെ.എസ്. കൃഷ്ണപിള്ള രക്തസാക്ഷിദിനാചരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോർപറേറ്റുകളുടെ 11 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയ മോദി സർക്കാർ സാധാരണ കർഷകരെ വായ്പയുടെ പേരിൽ ജപ്തി നടപടിക്ക് വിധേയരാക്കുകയാണ്. നോട്ട് നിരോധനവും കേർപറേറ്റുകളെ സഹായിക്കാനുള്ള ബി.ജെ.പി സർക്കാരിന്റെ ഗൂഢാലോചനയായിരുന്നു. അഴിമതിക്കെതിരെ പ്രചാരണം നടത്തി അധികാരത്തിലെത്തിയ ബി.ജെ.പി സർക്കാർ വലിയ അഴിമതിക്കാരായി. തൊഴിലില്ലായ്മ പരിഹരിക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ കേന്ദ്രസർക്കാർ രണ്ടരക്കോടി തൊഴിലാണ് ഇല്ലാതാക്കിയതെന്നും എം.പി പറഞ്ഞു.